| Wednesday, 9th September 2020, 11:41 am

'വെറും കെട്ടിടമല്ല രാമക്ഷേത്രമാണത്, തകര്‍ക്കുന്നവര്‍ ബാബറിനെ ഓര്‍മ്മിച്ചോളു'; തകര്‍ത്തതെല്ലാം വീണ്ടു കെട്ടിപ്പൊക്കും: കങ്കണ റണൗത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രം പോലെയാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്തുവെന്നാരോപണത്തിന് മറുപടി നല്‍കവെയാണ് ഈ പരാമര്‍ശം.

‘മണികര്‍ണികയ്ക്ക് മുമ്പ് അയോധ്യ പശ്ചാത്തലമാക്കി ഒരു ചിത്രത്തെപ്പറ്റി ആലോചിച്ചിരുന്നു. ഇത് വെറുമൊരു കെട്ടിടമല്ല. രാമക്ഷേത്രം തന്നെയാണ്. ഇന്ന് അവിടെ ബാബര്‍ എത്തി. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. തകര്‍ത്ത രാമക്ഷേത്രം വീണ്ടുമുയര്‍ത്തുകയാണ് നമ്മള്‍. ബാബറിനെ ഓര്‍ക്കുക, തകര്‍ത്തതെല്ലാം വീണ്ടും നിര്‍മ്മിക്കും’ – കങ്കണ ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് തന്റെ ഓഫീസും ഉടമസ്ഥതിയിലുള്ള കെട്ടിടങ്ങളും ചിലര്‍ തകര്‍ത്തുവെന്ന് കങ്കണ ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഗുണ്ടകളാണ് ഇതിനു പിന്നിലെന്നാണ് കങ്കണ പറഞ്ഞത്.

മുംബൈയെ പാക് അധിനിവേശ കാശ്മീര്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. തുടര്‍ന്ന് നടിയ്ക്ക് മുംബൈയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ശിവസേന നേതാക്കള്‍ പറഞ്ഞിരുന്നു.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ കങ്കണയ്ക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുടെ സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ ഒമ്പതിനാണ് കങ്കണ മുംബൈയിലെത്തുന്നത്.

അതേസമയം നടിയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ കേന്ദ്ര നീക്കത്തില്‍ പ്രതിഷേധവുമായി തൃണമുല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്ര രംഗത്തെത്തിയിരുന്നു. എന്‍.സി.പിയെയും ശിവസേനയെയും നിരന്തരം വിമര്‍ശിച്ചതിന്റെ പ്രതിഫലമാണോ കങ്കണയ്ക്ക് നല്‍കിയ വൈ പ്ലസ് സുരക്ഷയെന്ന് അവര്‍ ചോദിച്ചു.

‘ഇന്ത്യയില്‍ പൊലീസ്-ജനസംഖ്യാനുപാതം ഒരു ലക്ഷത്തിന് 138 എന്ന അനുപാതത്തിലാണ്. ലോകത്തെ 71 രാജ്യങ്ങളില്‍, പൊലീസ് അനുപാതത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അപ്പോഴാണ് ബോളിവുഡിലെ ‘ട്വിറ്ററത്തി’യ്ക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നത്. രാജ്യത്തെ വിഭവങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിച്ചുടെ ആഭ്യന്തരമന്ത്രി.? – മഹുവ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: kangana ranuat and shivasena verbal war

We use cookies to give you the best possible experience. Learn more