| Tuesday, 13th September 2022, 5:11 pm

കങ്കാരുവിന്റെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടു; 86 വര്‍ഷത്തിനിടെ ഇതാദ്യമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്നി: വീട്ടില്‍ വളര്‍ത്തിയ കങ്കാരുവിന്റെ ആക്രമണത്തെ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ 77കാരന്‍ മരിച്ചു. ഓസ്ട്രേലിയന്‍ പൊലീസാണ് ഇക്കാര്യം അറയിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. പെര്‍ത്തില്‍ നിന്ന് 400 കി.മീറ്റര്‍ അകലെ റെയ്മണ്ടിലെ വീട്ടില്‍ 77കാരനെ ഗുരുതരമായ പരിക്കുകളോടെ ഇയാളുടെ ബന്ധു കണ്ടെത്തുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധനെ രക്ഷിക്കാനായി പ്രഥമ ശുശ്രൂഷക്കായി മെഡിക്കല്‍ സംഘത്തെ വിളിച്ചു വരുത്തിയെങ്കിലും കങ്കാരു സംഘത്തെ തടയുകയായിരുന്നു. തുടര്‍ന്ന് കങ്കാരുവിനെ വെടിവെച്ച് കൊന്ന ശേഷമാണ് പൊലീസ് അടക്കമുള്ള മെഡിക്കല്‍ സംഘത്തിന് വൃദ്ധന്റെ അടുത്തേക്ക് എത്താനായത്. എന്നാല്‍ അപ്പോഴേക്കും വൃദ്ധന്‍ മരിച്ചിരുന്നു.

86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കങ്കാരുവില്‍ നിന്ന് ഇത്തരത്തിലുള്ള മാരകമായ ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 1936ലാണ് അവസാനമായി ഓസ്‌ട്രേലിയയില്‍ കങ്കാരു ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1936ല്‍ നടന്ന ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ വില്ല്യം എന്ന 38കാരന്‍ ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും മരിക്കുകയായിരുന്നു. തന്റെ നായ്ക്കളെ കങ്കാരുവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, കഴിഞ്ഞ ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍ സ്ലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ കങ്കാരുവിന്റെ അക്രമത്തില്‍ 67കാരിയുടെ കാലൊടിഞ്ഞ് പരിക്കേറ്റിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ ഏകദേശം 50 ദശലക്ഷം കങ്കാരുക്കളുണ്ടെന്നാണ് കണക്കുകള്‍. വെസ്റ്റേണ്‍ ഗ്രേ സ്പീഷിസില്‍ പെടുന്ന കങ്കാരുക്കളാണ് ഓസ് ട്രേലിയയില്‍ കാണപ്പെടുന്നവ.
അവയ്ക്ക് 70 കിലോ വരെ ഭാരവും 2.2 മീറ്റര്‍ വരെ ഉയരവുമാണ് ഉണ്ടാകുക.
മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും ഉള്ള ജീവിയാണെങ്കിലും ഇവ ഇത്തരത്തില്‍ ഗുരുതരമായ രീതിയില്‍ ആക്രമിക്കുക അപൂര്‍വമാണ്.

രക്ഷാമാര്‍ഗങ്ങളില്ലാതെ ഏതെങ്കിലും തരത്തില്‍ അകപ്പെടുകയോ മറ്റു തരത്തില്‍ ദുരിതത്തിലാകുകയോ ചെയ്യുമ്പോള്‍ മാത്രമേ കങ്കാരുക്കള്‍ അപകടകാരികളാകുകയുള്ളൂ എന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്.

Content Highlight: Kangaroo kills 77-year-old man who kept it as pet in Australia

Latest Stories

We use cookies to give you the best possible experience. Learn more