| Wednesday, 20th January 2021, 6:43 pm

'തലയറുക്കണമെന്ന് ആഹ്വാനം'; വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്.

‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

താണ്ഡവ് വെബ്സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി.

എന്തുകൊണ്ടാണ് ഞങ്ങളുടെ മതത്തില്‍ മാത്രം ആവിഷ്‌ക്കാര സ്വാതന്ത്ര്യം കടന്നുവരുന്നത്, നിങ്ങളുടെ ദൈവത്തെ കളിയാക്കാന്‍ നാണം വിചാരിക്കേണ്ടതില്ല, നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഇന്ത്യയുടെ നിയമം കണക്കു പറയിക്കും എന്നൊക്കെയാണ് അബ്ബാസിനെ സംബോധന ചെയ്തുകൊണ്ട് കപില്‍ മിശ്ര പറയുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കകങ്കണയുടെ പ്രതികരണം.

താണ്ഡവിനെതിരെ വലിയ തരത്തിലുള്ള വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് ഇവരുടെ ആരോപണം.

അതേസമയം, താണ്ഡവ് സീരിസിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിട്ടുണ്ട്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് താണ്ഡവ് ടീം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kangana Ranuat’s Twitter Account Temporarily Restricted

We use cookies to give you the best possible experience. Learn more