| Wednesday, 30th August 2017, 6:49 pm

'ആ ഇ-മെയില്‍ സന്ദേശങ്ങള്‍ ഗോസിപ്പ് മാഗസിന്‍ പോലെ ആളുകള്‍ ഇന്നും വായിക്കുന്നു'; തന്റെ വേദനിപ്പിച്ച ഹൃത്വിക് റോഷന്‍ പരസ്യമായി മാപ്പു പറയണമെന്ന് കണ്ണീരോടെ കങ്കണ, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അടുത്തകാലത്ത് ബോളിവുഡിലെ ചൂടേറിയ വിവാദങ്ങളിലൊന്നായിരുന്നു ഹൃത്വിക്-കങ്കണ പോര്. കാലങ്ങള്‍ നീണ്ട ചരിത്രമുണ്ട് ഇരുവരും തമ്മിലുള്ള വഴക്കിന്. ഹൃത്വികും ബാബറയും ഒരുമിച്ച കൈറ്റ്‌സിലായിരുന്നു ഹൃത്വികും കങ്കണയും ആദ്യം ഒന്നിക്കുന്നത്. പിന്നീട് ഹൃത്വിക് സൂപ്പര്‍ ഹീറോയായെത്തിയ ക്രിഷ് ത്രീയിലും കങ്കണയെത്തി. സൂപ്പര്‍ ഹിറ്റ് സീരീസായ ആഷിഖിയുടെ മൂന്നാം ഭാഗത്തിനായി ഇരുവരും വീണ്ടും ഒരുമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.

ആഷിഖി 3യില്‍ നിന്നും കങ്കണ പിന്മാറിയതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചതിന് അവര്‍ നല്‍കിയ മറുപടിയായിരുന്നു ആദ്യത്തെ വിവാദം. ഹൃത്വികുമായുള്ള അഭിപ്രായ വ്യത്യാസമാണോ പിന്‍മാറ്റത്തിന് കാരണമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. മറുപടിയില്‍ കങ്കണ ഹൃത്വികിനെ വിശേഷിപ്പിച്ചത് “എക്‌സ്” എന്നായിരുന്നു.

പിന്നീട് ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. എല്ലാം ശാന്തമായെന്നു കരുതിയിരിക്കെ കങ്കണ ഇപ്പോള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. രജത് ശര്‍മ്മയുടെ പ്രശസ്തമായ ആപ്പ് കി അതാലത്ത് പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു കങ്കണ ഹൃത്വികിനെതിരെ രംഗത്തെത്തിയത്. ഹൃത്വിക് പരസ്യമായി തന്നോട് മാപ്പ് ചോദിക്കണമെന്നാണ് കങ്കണയുടെ ആവശ്യം.

കരഞ്ഞു കൊണ്ട് തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസികാവസ്ഥയെ കുറിച്ച് താരം പറയുന്നുണ്ട് വീഡിയോയില്‍. അന്ന് പുറത്തായ ഇ-മെയില്‍ സന്ദേശങ്ങള്‍ ഇന്നും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും ഗോസിപ്പ് മാഗസിനുകളെപ്പോലെ ആളുകള്‍ അത് വായിക്കുകയാണെന്നും നടി പറയുന്നു.

അടുത്ത ദിവസം ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് നടിയുടെ പ്രതികരണം. ഇന്ത്യാ ടിവിയാണ് ആപ്പ് കി അതാലത്ത് സംപ്രേഷണം ചെയ്യുന്നത്. താനുമായി ബന്ധമുണ്ടായിരുന്നുവെന്ന കങ്കണയുടെ വാദത്തെ ഹൃത്വിക് എതിര്‍ക്കുകയും നടിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കങ്കണയും കോടതിയെ സമീപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more