|

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014ലാണെന്ന് കങ്കണ; ഇവരെന്ത് ഭ്രാന്താണിത് വിളിച്ചുപറയുന്നതെന്ന് വരുണ്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: 2014 ലാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരമാര്‍ശത്തിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.

കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.

”സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” കങ്കണ പറഞ്ഞു.

ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വരുണ്‍ രംഗത്തെത്തിയത്.

” ചിലപ്പോള്‍ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോള്‍ മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,” അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭരണത്തെ സൂചിപ്പിച്ചുകൊണ്ടുള്ള കങ്കണയുടെ പരമാര്‍ശത്തെ ബി.ജെ.പി എം.പി തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നേരത്തെ ലഖിംപൂരിലെ കര്‍ഷക കൊലയിലും പാര്‍ട്ടിക്കെതിരെ വരുണ്‍ നിലപാടെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kangana says India got ‘real freedom’ in 2014. Varun Gandhi says, ‘Madness?’