ന്യൂദല്‍ഹി: ബി.ജെ.പി എം.പി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍. കാര്‍ഷിക നിയമങ്ങളെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവന ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നല്ല പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. കങ്കണയുെട പ്രസ്താവന അടിസ്ഥാന രഹിതവും യുക്തിരഹിതവുമാണെന്നും ഷെര്‍ഗില്‍ കൂട്ടിച്ചേര്‍ത്തു.
‘കങ്കണയുടെ അഭിപ്രായങ്ങളില്‍ വിമര്‍ശനമറിയിച്ച പാര്‍ട്ടിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരു പഞ്ചാബി എന്ന നിലയില്‍ കങ്കണയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നില്ല. സിഖ് സമുദായത്തിനെതിരായ പ്രസ്താവനകള്‍ അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണ്. പഞ്ചാബിലെ കര്‍ഷകര്‍ക്കുവേണ്ടിയും പഞ്ചാബിന്റെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയുടെ നല്ല പ്രവര്‍ത്തനങ്ങളെ മോശമാക്കുന്ന രീതിയിലാണ് കങ്കണയുടെ പ്രസ്താവന,’ ബി.ജെ.പി വക്താവ് പറഞ്ഞു.
എന്നാല്‍ കര്‍ഷക നിയമവുമായി ബന്ധപ്പെട്ടുന്നയിച്ച പ്രസാതാവനയില്‍ കങ്കണ മാപ്പ് പറയുകയും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഖേദ പ്രകടനത്തിന് ശേഷമാണ് ബി.ജെ.പി വക്താവ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. അതിനായി കര്‍ഷകര്‍ തന്നെ ആവശ്യപ്പെടണമെന്നും ഈ പ്രസ്താവന വിവാദമാകുമെന്ന് തനിക്കറിയാമെന്നും കങ്കണ പറഞ്ഞിരുന്നു.
പിന്നാലെ അഭിപ്രായം പിന്‍വലിക്കുന്നതായും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും കങ്കണ വ്യക്തമാക്കിയിരുന്നു.
അതേസമയം ബി.ജെ.പി നേതൃത്വവും കങ്കണക്കെതിരെ രംഗത്തെത്തുകയായിരുന്നു. കങ്കണയ്ക്ക് വിമര്‍ശിക്കാനുള്ള അധികാരമില്ലെന്നും അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തമാക്കി ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: kangana’s baseless and illological statement: bjp spokesperson