കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രണ്ട് മുഖങ്ങളുണ്ടെന്ന് നടി കങ്കണ റണാവത്ത്. പൂര്‍ണമായും വലതുപക്ഷ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി ബി.ജെ.പിയാണെന്നും കോണ്‍ഗ്രസ് ഇടതുപക്ഷ ചായ്‌വുള്ള പാര്‍ട്ടിയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
കങ്കണ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം എമര്‍ജെന്‍സിയെക്കുറിച്ചുള്ള ട്വീറ്റിനിടയിലാണ് അവര്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
വലതുപക്ഷ രാഷ്ട്രീയം പിന്‍പറ്റുന്നവര്‍ മതത്തിലും, സംസ്‌കാരത്തിലും, മൂല്യങ്ങളിലും വിശ്വസിക്കുന്നവരും ദേശീയതയുടെ വക്താക്കളുമാണെന്നും, ഇടതുപക്ഷം അങ്ങനെയല്ലെന്നുമാണ് അവര്‍ പറഞ്ഞത്. കൂട്ടത്തില്‍ നെഹ്റുവും, ഗാന്ധിയും കോണ്‍ഗ്രസിന്റെ ഇടത് മുഖത്തിന്റെ വക്താക്കളാണെന്നും, ഇവര്‍ രാജ്യത്തിന് വേണ്ടി പോരാടാന്‍ ശ്രമിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കൂടുതല്‍ ചെറുപ്പക്കാര്‍ക്കും ഇടത്-വലത് രാഷ്ട്രീയത്തെക്കുറിച്ച് ബോധമില്ല. നിങ്ങള്‍ ബി.ജെ.പിയെ സപ്പോര്‍ട്ട് ചെയ്താല്‍ വലതാവും, കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്താല്‍ ഇടതാവും എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല.
നിങ്ങള്‍ക്കതിനെക്കുറിച്ച് ബോധമില്ലെങ്കില്‍ അതിനെ കുറിച്ച് പഠിക്കണം.
വലതുപക്ഷ രാഷ്ട്രീയം പിന്‍പറ്റുന്നവര്‍ മതത്തിലും, ദൈവത്തിലും, സംസ്‌കാരത്തിലും, മൂല്യങ്ങളിലും വിശ്വസിക്കുന്നവരാണ്. ഒപ്പം ദേശീയതക്ക് വേണ്ടി, സ്വന്തം രാജ്യത്തിന് വേണ്ടി പോരാടാന്‍ ആഗഹിക്കുന്നവരുമാണ്.
എന്നാല്‍ ഇടതുപക്ഷം നിരീശ്വരവാദികളാണ്. അവര്‍ ദൈവത്തിലോ മതത്തിലോ വിശ്വസിക്കുന്നില്ല. അവര്‍ രാജ്യത്തിന് വേണ്ടി പേരാടാനും ശ്രമിക്കാറില്ല. അവരെ ആരെങ്കിലും കീഴടക്കാന്‍ ശ്രമിച്ചാലും അവര്‍ അടിമകളെ പോലെ മറ്റുള്ളവര്‍ക്ക് വഴിപ്പെടും.
ബി.ജെ.പി വലത്തേക്കും, കോണ്‍ഗ്രസ് ഇടത്തേക്കുമാണ് ചായുന്നത്. നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ? നമുക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോണ്‍ഗ്രസിന് രണ്ട് മുഖമുണ്ടായിരുന്നു. സര്‍ദാര്‍ പട്ടേലും, ശാസ്ത്രി ജിയും വലതു പക്ഷത്തിന്റെ പ്രതിനിധികളായിരുന്നു. എന്നാല്‍ നെഹ്‌റുവും, ഗാന്ധിയും കോണ്‍ഗ്രസിന്റെ ഇടതുപക്ഷ മുഖത്തെയാണ് പ്രതിനിധീകരിച്ചത്. കൂടുതല്‍ അറിയാന്‍ എമര്‍ജന്‍സി കാണൂ,’ കങ്കണ കുറിച്ചു.
അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
Content Highlights: Kangana Rnaut comment on right-left politics