| Friday, 13th November 2020, 9:39 pm

ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമാണ് ട്വിറ്റര്‍; നിരോധിക്കണമെന്ന് കങ്കണ റണൗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാദ പ്രസ്താവനയുമായി വീണ്ടും കങ്കണ റണൗത്ത്. ഇത്തവണ ട്വിറ്ററിനെതിരെയാണ് കങ്കണയുടെ വിമര്‍ശനം. ഹിന്ദുഫോബികും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റാണ് ട്വിറ്ററെന്നാണ് കങ്കണയുടെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു പുതിയ ആരോപണവുമായി കങ്കണ രംഗത്തെത്തിയത്.

‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. തീരുമാനവുമായി മുന്നോട്ടുപോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ ട്വിറ്റര്‍ നമുക്ക് വേണ്ട’, കങ്കണ ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.

കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ അപ്രത്യക്ഷമാവുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു

‘അശ്രദ്ധമായ ഒരു പിഴവ് കാരണം ഞങ്ങളുടെ ആഗോളപകര്‍പ്പവകാശ നയങ്ങള്‍ അടിസ്ഥാനമാക്കി ഈ അക്കൗണ്ട് താല്‍ക്കാലികമായി ലോക്ക് ചെയ്തിരുന്നു. ഉടനടി തന്നെ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്. ഇപ്പോള്‍ അക്കൗണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാണ്’ ട്വിറ്റര്‍ വക്താവ് പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രൊഫൈല്‍ പിക്ചര്‍ നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ വന്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയത്.

ട്വിറ്ററില്‍ വന്ന ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെയാണ് പുതിയ സംഭവം. ലഡാക്കിലെ ലേയ് എന്ന ജില്ല ജമ്മുകശ്മീരിന്റെ ഭാഗമായി കാണിക്കുന്ന ഭൂപടം കാണിച്ചതിന്റെ പേരില്‍ ട്വിറ്ററില്‍ നിന്നും കേന്ദ്രം വിശദീകരണം നേടിയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ അഞ്ചു ദിവസമാണ് കേന്ദ്രം ട്വിറ്ററിന് നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kangana ranuat urges twitter ban in india

We use cookies to give you the best possible experience. Learn more