| Saturday, 30th January 2021, 11:13 pm

പാഠപുസ്തകങ്ങളില്‍ മുഴുവന്‍ തെറ്റായ വിശദീകരണം; ഗോഡ്‌സെയെ പിന്തുണച്ച് കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകനായ നഥുറാം ഗോഡ്‌സെയെ പിന്തുണച്ച് നടി കങ്കണ റണൗത്ത്. പാഠപുസ്തകങ്ങളില്‍ ഗോഡ്‌സെയെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ഏതൊരു കഥയ്ക്കും മൂന്നു വശങ്ങള്‍ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരന്‍ ഒരിക്കലും പക്ഷപാതിത്വം കാണിക്കുകയോ വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അതില്‍ മുഴുവന്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ മാത്രം’, കങ്കണ ഫേസ്ബുക്കിലെഴുതി.

ഹാഷ്ടാഗ് നഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെയാണ് കങ്കണയുടെ പോസ്റ്റ്.

നേരത്തെയും നിരവധി വിഷയങ്ങളില്‍ കങ്കണ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഏറ്റവുമൊടുവിലായി കര്‍ഷക സമരത്തെ വിമര്‍ശിച്ചും കങ്കണ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഷഹീന്‍ബാഗ് ദാദി ബില്‍ക്കീസിനെ അടക്കം പരിഹസിച്ച് കങ്കണ പ്രസ്താവന നടത്തിയിരുന്നു. വെറും 100 രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ ഈ ദാദി എത്തുമെന്നും ഭക്ഷണവും വസ്ത്രവും പണവും മാത്രം കൊടുത്താല്‍ മതിയെന്നായിരുന്നു കങ്കണ പറഞ്ഞത്.

ദാദിയെ അധിക്ഷേപിച്ച സംഭവത്തില്‍ പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു.

കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kangana Ranuat Supports Nathuram Vinayak Godse

We use cookies to give you the best possible experience. Learn more