മുംബൈ: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതികരണവുമായി കങ്കണ റണൗത്ത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് അര്‍ണാബിന്റെ അറസ്റ്റെന്നാണ് കങ്കണ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
‘മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്പ് നിരവധി പേര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും’- കങ്കണ ട്വീറ്റ് ചെയ്തു.
Message for Maharashtra government @republic #Arnab #ArnabWeAreWithYou #ArnabGoswami pic.twitter.com/AJizRCitS7
— Kangana Ranaut (@KanganaTeam) November 4, 2020
അതേസമയം അര്‍ണാബിന് എതിരായ ആത്മഹത്യ പ്രേരണ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
നേരത്തെ ഈ കേസ് അര്‍ണാബിന് എതിരെ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് കഴിഞ്ഞ മെയ് മാസത്തില്‍ കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.
#LIVE | Police at Arnab Goswami’s house; no summons, documents or court papers; #Republic‘s access to residence blocked; Tune in for #BREAKING updates #ArnabGoswami https://t.co/RZHKU3wOei pic.twitter.com/wuQRxrdMyS
— Republic (@republic) November 4, 2020
അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.
സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം അര്‍ണാബിനെതിരെ സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടി.ആര്‍.പി തട്ടിപ്പ് കേസും നിലവില്‍ ഉണ്ട്.
റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Content Highlights: Kangana ranuat on arnab goswami arrest