| Saturday, 2nd October 2021, 10:43 am

യോഗി ആദിത്യനാഥ് ശ്രീരാമനെപ്പോലെ തപസ്വിയായ രാജാവ്; കങ്കണ റണാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്നലെ ലഖ്‌നൗവിലെത്തിയായിരുന്നു സന്ദര്‍ശനം.

യു.പിയുടെ ‘വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട്’ (ഒ.ഡി.ഒ.പി) എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് കങ്കണയായിരിക്കും. സന്ദര്‍ശനത്തിന് ശേഷം യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചും കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

യോഗി ആദിത്യനാഥ് ശ്രീരാമനെപ്പോലെ തപസ്വിയായ ഭരണാധികാരിയാണെന്ന് പറഞ്ഞ കങ്കണ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രിക്ക് ആശംസകളും അറിയിച്ചു. രാമജന്മ ഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളി നാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു.

”ഞങ്ങളുടെ തേജസ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി സഹകരിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി അറിയിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എല്ലാ ആശംസകളും അറിയിച്ചു.

ശ്രീരാമചന്ദ്രന്‍ എന്ന തപസ്വിയായ ഒരു രാജാവ് നമുക്ക് ഉത്തര്‍പ്രദേശില്‍ നിന്നുണ്ടായിരുന്നു. ഇപ്പോള്‍ നമുക്ക് യോഗി ആദിത്യനാഥ് ഉണ്ട്. നിങ്ങളുടെ ഭരണം ഇനിയും തുടരട്ടെ മഹാരാജ് ജി. രാമജന്മഭൂമി പൂജാസ്ഥാനത്ത് ഉപയോഗിച്ചിരുന്ന ഒരു നാണയം അദ്ദേഹം എനിക്ക് സമ്മാനിച്ചു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റിയ ഒരു സായാഹ്നം സമ്മാനിച്ചതിന് നന്ദി,” എന്നായിരുന്നു കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നാണയം സമ്മാനിക്കുന്ന വീഡിയോ കങ്കണ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. അയോധ്യ എന്ന പേരില്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്നും കങ്കണ യോഗി ആദിത്യനാഥിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പില്‍ പറഞ്ഞു. അയോധ്യ കേസായിരിക്കും സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഇത് ആശിര്‍വാദം ലഭിച്ചതാണെന്നും നല്ല ഒരു ശകുനമാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കങ്കണ റണാവത്ത് ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘തേജസ്’.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kangana Ranaut visited UP chief minister Yogi Adityanath

We use cookies to give you the best possible experience. Learn more