| Sunday, 19th February 2023, 9:06 am

രാജമൗലി ദേശസ്‌നേഹി, എന്തിനാണ് ലോകം അദ്ദേഹത്തെ ക്രൂശിക്കുന്നത്: കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ആര്‍.ആര്‍ സിനിമയെ കുറിച്ചുള്ള വിവാദങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചതോടെ സംവിധായകന്‍ രാജമൗലിക്കെതിരായ ആരോപണങ്ങളില്‍ വാദപ്രതിവാദങ്ങളും അരങ്ങു തകര്‍ക്കുകയാണ്. സിനിമാ മേഖലയില്‍ നിന്ന് തന്നെ നിരവധിയാളുകള്‍ രാജമൗലിയെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്ത് വരുന്നുണ്ട്.

‘ദി മാന്‍ ബിഹൈന്‍ഡ് ഇന്ത്യാസ് കോണ്‍ട്രവേര്‍ഷ്യല്‍ ഗ്ലോബല്‍ ബ്ലോക്ബസ്റ്റര്‍ ആര്‍.ആര്‍.ആര്‍’ എന്ന തലക്കെട്ടോടെ ദി ന്യൂയോര്‍ക്കര്‍ പ്രസിദ്ധീകരിച്ച അഭിമുഖമാണ് ഒരിടവേളക്ക് ശേഷം വീണ്ടും ആര്‍.ആര്‍.ആറിനെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നത്.

ഇപ്പോഴിതാ ദി ന്യൂയോര്‍ക്കറിനെ വിമര്‍ശിച്ച് കൊണ്ടും, രാജമൗലിക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.

ഇന്ത്യയോട് കൂറുള്ള സംവിധായകനാണ് രാജമൗലിയെന്നും, ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും കങ്കണ പറഞ്ഞു. എന്നിട്ടും ജനങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും താരം പറഞ്ഞു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘എനിക്കറിയാം എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയതെന്ന്. അദ്ദേഹം ഈ രാജ്യത്തെ സ്‌നേഹിച്ചു. ഈ നാടിനോട് കൂറും, കടപ്പാടും ഉള്ളവനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അവര്‍ക്ക് അയാള്‍ വിവാദനായകനാണ്. പക്ഷെ ഈ രാജ്യത്തെ ജനങ്ങള്‍ തന്നെ അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു.

എന്തിനാണ് ലോകം അദ്ദേഹത്തെ വിവാദനായകനാക്കി മുദ്ര കുത്തുന്നത്. എന്ത് വിവാദമാണ് അയാളുണ്ടാക്കിയത്. ബാഹുബലി പോലൊരു സിനിമയിറക്കി നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ ലോകം മുഴുവന്‍ എത്തിച്ചതാണോ അയാള്‍ ചെയ്ത തെറ്റ് , അതോ ആര്‍.ആര്‍.ആറിലൂടെ ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചതോ?

അതുമല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ റെഡ് കാര്‍പ്പറ്റുകളില്‍ മുണ്ടുടുത്ത് ചെന്നതോ? എന്ത് തെറ്റാണ് അയാള്‍ ചെയ്തത്. ആരെങ്കിലും പറയു,’ കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ആര്‍.ആര്‍.ആര്‍ സിനിമ റിലീസായതിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തെക്കുറിച്ച് ഉയര്‍ന്ന് വന്നിരുന്നു. തീവ്ര വലതുപക്ഷ ചിന്താധാരയെ പ്രോത്സാഹിപ്പിക്കുന്ന പ്രൊപ്പഗാന്‍ണ്ട ചിത്രമായാണ് പലരും ആര്‍.ആര്‍.ആറിനെ നിരീക്ഷിച്ചത്.

പ്രധാന കഥാപാത്രമായ കൊമരം ഭീമിലൂടെ ആദിവാസി സമൂഹത്തെ ചിത്രീകരിച്ച രീതിയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. രാജ്യാന്തര തലത്തില്‍ ചിത്രത്തിന് സ്വീകാര്യത ലഭിച്ചത് വിവാദങ്ങള്‍ക്കും ആക്കം കൂട്ടി.

Content Highlight: Kangana Ranaut tweet on Rjamouli

We use cookies to give you the best possible experience. Learn more