|

'സീത, ദ ഇന്‍കാര്‍നേഷനി'ല്‍ നിന്നും കരീന കപൂറിനെ മാറ്റി; ജയലളിതക്ക് ശേഷം സീതയാകാനൊരുങ്ങി കങ്കണ റണാവത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ബാഹുബലി’യുടെ സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്റെ രചനയിലൊരുങ്ങുന്ന പുതിയ ചിത്രം സീത: ദ ഇന്‍കാര്‍നേഷനില്‍ ടൈറ്റില്‍ റോളിലെത്തുക ബോളിവുഡ് താരം കങ്കണ റണാവത്ത്. തുടക്കത്തില്‍ കരീന കപൂറിനായിരുന്നു ഈ വേഷം ഓഫര്‍ ചെയ്തിരുന്നത്.

അലൗകിക് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഭാഷണവും ഗാനരചനയും മനോജ് മുസ്താഷിര്‍ നിര്‍വഹിക്കുന്നു. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

സിനിമയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കങ്കണ, തനിക്ക് കഥാപാത്രം നല്‍കിയതിന് സംവിധായകന് നന്ദി പറയുകയും ചെയ്തു. സീതയുടെ വേഷം ചെയ്യാന്‍ കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടു എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വേഷത്തിലെത്തുന്ന ‘തേജസ്’, റസ്‌നീഷ് റാസി ഗയ്‌യുടെ ‘ധാക്കഡ്’ എന്നിവയാണ് കങ്കണയുടെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ എത്തിയ ‘തലൈവി’ എന്ന ചിത്രവും പ്രശംസ നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kangana Ranaut to act in Sita: the Incarnation