|

സെന്‍സര്‍ ബോര്‍ഡ് അനാവശ്യമെന്ന് ബി.ജെ.പി എം.പി കങ്കണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടിയന്താരാവസ്ഥ കാലം പ്രമേയമാക്കി കങ്കണ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും കങ്കണ തന്നെയാണ്. സെപ്റ്റംബര്‍ ആറിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിക്കാത്തതുകൊണ്ട് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്.

തങ്ങളുടെ സമുദായത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സിഖ് സംഘടനകളുടെ ബഹിഷ്‌കരണത്തിനും നിരോധനത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും സിനിമ നേരിട്ടിട്ടുണ്ട്.

ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അനാവശ്യമാണെന്ന് പറയുകയാണ് കങ്കണ. താന്‍ ഇതിന് മുമ്പും ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇനിയും ഇക്കാര്യം പറയുമെന്നും കങ്കണ പറയുന്നു. ഒ.ടി.ടിയില്‍ കാണുന്ന സീരീസുകള്‍ സി.ബി.എഫ്.സി സര്‍ട്ടിഫിക്കേഷന് വിധേയമല്ലാത്തത് ശ്രദ്ധിക്കണമെന്നും, തിയേറ്റര്‍ റിലീസിനായി പ്ലാന്‍ ചെയ്ത സിനിമകളുടെ അതേ സൂക്ഷ്മപരിശോധനയ്ക്ക് സീരീസ് വിധേയമാകാത്തത് എന്തുകൊണ്ടാണെന്നും കങ്കണ ചോദിക്കുന്നു.

നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘IC814: ദി കാണ്ഡഹാര്‍ ഹൈജാക്ക്’ എന്ന സീരീസില്‍ ഭീകരരുടെ പേരുകള്‍ മാറ്റിയെങ്കിലും വലിയ രീതിയിലുള്ള പ്രശ്‌നങ്ങളൊന്നും സീരീസ് നേരിട്ടില്ലന്നും എന്നാല്‍ കങ്കണയുടെ സിനിമ ഇപ്പോഴും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനിരിക്കുന്നതിനാല്‍ ഇത് ഇരട്ടതാപ്പാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന ന്യൂസ് 18 ചാനല്‍ അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അവര്‍.

‘ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് സത്യത്തില്‍ ഒരു അനാവശ്യ ബോഡിയായി മാറിയിരിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും ഞാന്‍ ഇതേ കാര്യം പറഞ്ഞിരുന്നു. ഒ.ടി.ടിയില്‍ കാണിക്കുന്ന കാര്യങ്ങളും കുട്ടികള്‍ക്ക് യൂട്യൂബില്‍ ആക്സസ് കിട്ടുന്നതും ആശങ്കാജനകമാണ്. പണം നല്‍കിയാല്‍, നിങ്ങള്‍ക്ക് ഏത് ചാനലും ആക്സസ് ചെയ്യാന്‍ കഴിയും. ഇതും വളരെ ആശങ്കജനകമാണ്.

രാജ്യത്തിന്റെ ക്ഷേമത്തിനായി ഒ.ടി.ടിക്ക് എത്രയും വേഗം സെന്‍സര്‍ഷിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഒ.ടി.ടി ഉള്ളടക്കം സിബിഎഫ്സി സര്‍ട്ടിഫിക്കേഷന് വിധേയമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇത് തിയേറ്റര്‍ റിലീസിനായി പ്ലാന്‍ ചെയ്ത സിനിമകളുടെ അതേ സൂക്ഷ്മപരിശോധനയ്ക്ക് സീരീസ് വിധേയമാകാത്തത് എന്തുകൊണ്ടാണെന്നും ആലോചിക്കണം, ‘കങ്കണ പറയുന്നു.

Content Highlight: Kangana Ranaut Talks About CBFC