| Thursday, 15th August 2024, 4:59 pm

അവസാനം അവരെന്നെ സിനിമയില്‍ നിന്ന് ബോയ്കോട്ട് ചെയ്തു; എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു: കങ്കണ റണാവത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് കങ്കണ റണാവത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമാണ് കങ്കണ.

തന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോയ്കോട്ട് ചെയ്തിരിക്കുകയാണെന്ന് വെളിപ്പെടുത്തുകയാണ് കങ്കണ. തന്റെ ഏറ്റവും പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ ട്രെയ്‌ലര്‍ ലോഞ്ചിങ് ഇവന്റില്‍ തനിക്ക് സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് കങ്കണ. എല്ലാ തടസങ്ങളിലും പ്രയാസങ്ങളിലും തന്റെ കൂടെ നിന്ന അഭിനേതാക്കളോടും സഹപ്രവര്‍ത്തകരോടും ഉള്ള നന്ദിയും കൃതജ്ഞതയും കങ്കണ പറയുന്നു.

‘എന്റെ എല്ലാ സിനിമകളുടെയും ഷൂട്ടിങ്ങിലെ പോലെത്തന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങിലും ഒരുപാട് തടസങ്ങള്‍ ഞാന്‍ നേരിട്ടിരുന്നു. എല്ലാ സിനിമകളിലും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും മാലാഖമാരെ പോലെ സഹായിക്കാന്‍ ജീവിതത്തിലേക്ക് ആരെങ്കിലും വരും അവര്‍ നിങ്ങളെ കാണും.

എനിക്കെന്റെ കാസ്റ്റിനോടാണ് നന്ദി പറയാനുള്ളത്. എല്ലാവര്‍ക്കും അറിയാം എന്നെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോയ്കോട്ട് ചെയ്തിരിക്കുകയാണെന്ന്. അതുകൊണ്ടു തന്നെ എന്റെ സിനിമയില്‍ ഭാഗമാകുന്നതും എന്നെ പ്രശംസിക്കുന്നതും ഒരിക്കലും എളുപ്പമായിരിക്കില്ല. പക്ഷെ അവര്‍ അതെല്ലാം ഈ സിനിമക്ക് വേണ്ടി ചെയ്തു,’ കങ്കണ പറയുന്നു.

തന്റെ കൂടെയുള്ളവര്‍ ഇതെല്ലം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞെന്നും എന്നാല്‍ താന്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ തീരുമാനിച്ചെന്നും കങ്കണ പറയുന്നു. സിനിമ മേഖലയിലുള്ള ചിലര്‍ തന്നെ അട്ടിമറിക്കാനും തന്റെ കരിയര്‍ നശിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്നും അവര്‍ തന്റെ പേരില്‍ നെഗറ്റീവ് പബ്ലിസിറ്റി നടത്തുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

റിതേഷ് ഷായുടെ തിരക്കഥയും റണാവത്ത് എഴുതിയ കഥയും അടിസ്ഥാനമാക്കി കങ്കണ റണാവത്ത് സംവിധാനം ചെയ്യുകയും സഹനിര്‍മാതാകുകയും ചെയ്യുന്ന ഒരു വരാനിരിക്കുന്ന ഹിന്ദി ചിത്രമാണ് എമര്‍ജന്‍സി. ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ കഥ എന്ന് പറയപ്പെടുന്ന സിനിമയില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ആയി അഭിനയിക്കുന്നത് കങ്കണ തന്നെയാണ്. വൈശാഖ് നായര്‍, അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Kangana Ranaut talks about boycott and her new film emergency

We use cookies to give you the best possible experience. Learn more