ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു.
ചിത്രത്തിലെ ഒരു രംഗത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഒരു കഥാപാത്രം ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്നതാണ് ഒരുവിഭാഗം വിവാദമാക്കിയിരുന്നത്.
എന്നാല്‍ ആ രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടമായത് എന്ന് പറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറഞ്ഞത്.
‘രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയ്ക്ക് വേണ്ടി അണുബോംബ് നിര്‍മിച്ച ഒരു ജൂത ഭൗതികശാസ്ത്രജ്ഞന്റെ കഥയാണിത്. അയാള്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന് അവര്‍ കരുതുന്നു. അദ്ദേഹം സോവിയറ്റ് യൂണിയന്റെ ഏജന്റായിരിക്കുമെന്നും ദേശവിരുദ്ധനാണെന്നും അമേരിക്കക്കാര്‍ കരുതുന്നു. അത് തെറ്റാണെന്ന് തെളിയിക്കാന്‍, തന്റെ ദേശീയത തെളിയിക്കാന്‍, ഓപ്പണ്‍ഹൈമര്‍ അവര്‍ക്കായി ആണവശക്തി സൃഷ്ടിക്കുന്നു.
പക്ഷേ, ഇതിനിടയില്‍, മാനവികത അയാളെ വെല്ലുവിളിക്കുന്നു, അത് ഒരു മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഇത് സങ്കീര്‍ണ്ണമാണ്, പക്ഷേ നോളന്റെ സിനിമകളുടെ ഭംഗി അതാണ്,’ കങ്കണ പറയുന്നു.
തന്റെ പ്രിയപ്പെട്ട ഭാഗം ഭഗവദ്ഗീതയെയും വിഷ്ണുവിനെയും കുറിച്ചുള്ള പരാമര്‍ശമാണെന്നും കങ്കണ വീഡിയോയില്‍ പറയുന്നുണ്ട്.
‘ക്രിസ്റ്റഫര്‍ നോളന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സൃഷ്ടി എന്നാണ് കങ്കണ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. ‘നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമ. അത് അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സിനിമാറ്റിക് ഓര്‍ഗാസം പോലെയായിരുന്നു. അതിമനോഹരം,’ എന്നും നടി കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ഓപ്പണ്‍ഹെയ്മര്‍ പ്രദര്‍ശനം തുടരുകയാണ്. ഇക്കഴിഞ്ഞ
രണ്ടാം ശനിയാഴ്ചയോടെ ചിത്രത്തിന്റെ മുഴുവന്‍ ഇന്ത്യന്‍ കളക്ഷന്‍ 84.8 കോടിയായി.
ഓപ്പണ്‍ഹെയ്മറും ഒപ്പം റിലീസായ ബാര്‍ബിയും ചേര്‍ന്ന് അതിന്റെ ഓപ്പണിംഗ് വാരത്തില്‍ 100 കോടി നേട്ടം ഇന്ത്യയില്‍ നിന്ന് കൈവരിച്ചിട്ടുണ്ട്.
ആദ്യവാരത്തില്‍ ഓപ്പണ്‍ഹെയ്മര്‍ ഒറ്റയ്ക്ക് 73.20 കോടിയാണ് നേടിയത്.
തുടര്‍ന്ന് വന്ന രണ്ടാം വെള്ളിയാഴ്ച ചിത്രം 4.35 കോടി നേടി. തുടര്‍ന്ന് വന്ന ശനിയാഴ്ച ചിത്രം 7.25 കോടി നേടി. ഇതോടെ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 84.80 കോടിയായി. ഞായറാഴ്ചയും ചിത്രം മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം നൂറുകോടി ക്ലബില്‍ എത്തും എന്നാണ് വിതരണക്കാരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
ആഗോളതലത്തിലെ കളക്ഷന്‍ പരിശോധിച്ചാല്‍ 69 രാജ്യങ്ങളില്‍ നിന്നായി ബാര്‍ബി ഇതുവരെ 774 മില്ല്യണ്‍ ഡോളറാണ് നേടിയത്. ഓപ്പണ്‍ഹൈമറിന്റേത് ആകട്ടെ 400 മില്യണും.
കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം.
ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
Content Highlight: Kangana Ranaut talking about her favorite scene on oppenheimer movie