ചണ്ഡീഗഢ്: വിമാനത്താവളത്തില്‍ തനിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ മൗനം പാലിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കങ്കണ. തന്റെ പ്രതികരണം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായിട്ട കങ്കണ പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ജൂണ്‍ 6 ന് ദല്‍ഹിയിലേക്ക് പോകുമ്പോഴാണ് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ ആണ് കങ്കണയുടെ മുഖത്തടിച്ചത്. കര്‍ഷക പ്രക്ഷോഭങ്ങളെ കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശമാണ് അടിക്ക് പിന്നിലെന്നാണ് സൂചന.
‘പ്രിയപ്പെട്ട സിനിമാ വ്യവസായികളേ, നിങ്ങള്‍ എല്ലാവരും ഒന്നുകില്‍ ആഘോഷിക്കുകയാണ് അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ എയര്‍പോര്‍ട്ട് ആക്രമണത്തെ കുറിച്ച് നിങ്ങള്‍ പൂര്‍ണ്ണമായി നിശ്ശബ്ദരാണ്, നാളെ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ ഏതെങ്കിലും തെരുവിലൂടെയോ മറ്റെവിടെയെങ്കിലുമോ നിരായുധരായി നടക്കുകയാണെങ്കില്‍ ഓര്‍ക്കുക.
ഇസ്രഈലികളോ അല്ലെങ്കില്‍ ഫലസ്തീനികളോ നിങ്ങളെയോ നിങ്ങളുടെ കുട്ടികളെയോ അടിച്ചു വീഴ്ത്തിയേക്കാം , അതിനു കാരണം നിങ്ങള്‍ റഫയിലെ വിഷയങ്ങളില്‍ കണ്ണടച്ചത് കൊണ്ടോ അല്ലെങ്കില്‍ ഇസ്രഈലി ബന്ദികള്‍ക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടോ ആകാം. അപ്പോഴും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുമെന്നേ എനിക്ക് പറയാനുള്ളു. കാരണം ഞാന്‍ നിങ്ങളല്ല,’ എന്നായിരുന്നു അവരുടെ പോസ്റ്റ്.
കര്‍ഷകരെ അനാദരവോടെയും അവജ്ഞയോടെയും നോക്കി കാണുന്ന കങ്കണയുടെ നിലപാടിനെതിരെയാണ് തന്റെ പ്രതിഷേധം എന്ന് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Kangana Ranaut slams Bollywood for silence on slap row, deletes post later