ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ആമീര്‍ ഖാനെതിരെയുള്ള കങ്കണ റണൗത്തിന്റെ വിമര്‍ശനം തുടരുന്നു. ഇത്തവണ ആമീറിനൊപ്പം അനുഷ്‌ക ശര്‍മ്മയേയും റാണി മുഖര്‍ജിയേയും കങ്കണ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പട്ട കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കങ്കണ ആമീര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയത്. ഒന്നിച്ച് പ്രവൃത്തിച്ചിട്ടും സുശാന്തിന്റെ മരണത്തില്‍ ഒരു വാക്ക് പോലും പറയാന്‍ ആമീര്‍ തയ്യാറായില്ലെന്ന് കങ്കണ പറഞ്ഞു. റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
‘ഈ റാക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ഒരാള്‍ ഒന്നും പറയാതിരുന്നാല്‍, ഒരു ഗ്രൂപ്പ് മുഴുവന്‍ മൗനത്തിലായിരിക്കും. ഒന്നും മിണ്ടില്ല. സുശാന്തിനൊപ്പം പി.കെ എന്ന സിനിമയില്‍ പ്രവൃത്തിച്ചായാളാണ് ആമീര്‍ ഖാന്‍. നാളിതുവരെയായി അദ്ദേഹം ഒന്നും മിണ്ടിയിട്ടില്ല. അതുപോലെ തന്നെയാണ് അനുഷ്‌ക ശര്‍മ്മയും, റാണി മുഖര്‍ജിയും, രാജു ഹിറാനിയും. ഇവരാരും സുശാന്തിന് വേണ്ടി ഒരു വാക്ക് മിണ്ടിയിട്ടില്ല. ഒരു കൊതുക് ചത്ത ലാഘവത്തോടെയാണ് സുശാന്തിന്റെ മരണത്തെ ബോളിവുഡിലെ പ്രമുഖര്‍ സമീപിച്ചത്’-കങ്കണ പറഞ്ഞു.
കുറ്റബോധമൊന്നുമില്ലെങ്കില്‍ എന്തു കൊണ്ടാണ് കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ഒരു വാക്ക് പോലും മിണ്ടാത്തതെന്നും കങ്കണ ചോദിക്കുന്നു.
‘ഒരു ഈച്ചയെ കൊന്നതുപോലെ വളരെ ലാഘവത്തോടെ സുശാന്തിന്റെ മരണത്തെ കാണുന്നു ചിലര്‍. സുശാന്തിന് വേണ്ടി എന്തെങ്കിലും പറയാനുണ്ടോ നിങ്ങള്‍ക്ക്? അയാളുടെ അച്ഛനുമമ്മയും കുടുംബാംഗങ്ങളുമെല്ലാം കരയുകയാണ്. അവരെ ആശ്വസിപ്പിക്കാന്‍ ഒരു വാക്ക് പറഞ്ഞോ നിങ്ങള്‍? സിബിഐ അന്വേഷണത്തിന് വേണ്ടി എന്തേ നിങ്ങള്‍ മിണ്ടിയില്ല? നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്? ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അവര്‍ എല്ലാം മനസ്സിലാക്കിക്കഴിഞ്ഞു’- കങ്കണ പറഞ്ഞു.
നേരത്തേയും ആമീര്‍ ഖാനെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ആമിര്‍ഖാന്‍ മുമ്പ് പങ്കു നല്‍കിയ ഒരഭിമുഖമാണ് കങ്കണയുടെ പി.ആര്‍ ടീം ട്വിറ്ററില്‍ പങ്കു വെച്ചിരിക്കുന്നത്.
ആമിര്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമര്‍ശിച്ച ഈ വീഡിയോയില്‍ തന്റെ ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്‌ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കങ്കണയുടെ ട്വിറ്റര്‍ ടീം രംഗത്തെത്തിയത്. ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്‌ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിച്ചിരുന്നു.