സിനിമാഭിനയം രാഷ്ട്രീയത്തെക്കാള്‍ എളുപ്പം: കങ്കണ റണാവത്
national news
സിനിമാഭിനയം രാഷ്ട്രീയത്തെക്കാള്‍ എളുപ്പം: കങ്കണ റണാവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 10:14 am

ന്യൂദല്‍ഹി: സിനിമാഭിനയം രാഷ്ട്രീയത്തെക്കാള്‍ എളുപ്പമെന്ന് നടിയും ഹിമാചല്‍പ്രദേശ് മാണ്ഡി എം.പിയുമായ കങ്കണ റണാവത്. ആദ്യമായല്ല തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാനുള്ള ഓഫര്‍ ലഭിക്കുന്നതെന്നും, ഇതിനു മുമ്പ് തന്നെ തനിക്കതിന് സാധിക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു.

‘ഇത് ആദ്യമായല്ല രാഷ്ട്രീയത്തില്‍ ചേരാന്‍ എന്നെ ആളുകള്‍ സമീപിക്കുന്നത്. എനിക്ക് മുമ്പ് മറ്റ് നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമ ഗ്യാങ്സ്റ്ററിന് ശേഷം എനിക്ക് രാഷ്ട്രീയത്തിലേക്കുള്ള ടിക്കറ്റ് കിട്ടിയതാണ്. എന്റെ മുത്തച്ഛന്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും എം.എല്‍.എ ആയിരുന്നു.

അത്തരമൊരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ, പ്രാദേശിക നേതാക്കള്‍ സമീപിക്കുന്നു എന്നത് ഒരു സാധാരണ വിഷയമാണ്. സത്യത്തില്‍ അച്ഛനും ഒരു ഓഫര്‍ വന്നിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ചതിന് ശേഷം എന്റെ സഹോദരിക്ക് രാഷ്ട്രീയത്തില്‍ ചേരാന്‍ വാഗ്ദാനം ലഭിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് രാഷ്ട്രീയ ഓഫറുകള്‍ ലഭിക്കുന്നത് വലിയ കാര്യമല്ല. എനിക്ക് ഇതില്‍ താല്‍പ്പര്യമില്ലെങ്കില്‍, എനിക്ക് ഇത്രയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ലായിരുന്നു.

രാഷ്ട്രീയത്തെക്കാള്‍ എളുപ്പമാണ് സിനിമ. നിങ്ങള്‍ സിനിമ കാണാന്‍ പോകുന്നുണ്ടെങ്കില്‍, നിങ്ങള്‍ വളരെ ശാന്തരായിരിക്കും. രഷ്ട്രീയത്തിലെ പോലെ വലിയ ബഹളങ്ങള്‍ ഒന്നും അവിടെ ആവശ്യമില്ല,’ കങ്കണ പറഞ്ഞു.

മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച കങ്കണ 74,755 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാനാര്‍ത്ഥി വിക്രമാദിത്യ സിങ്ങിനെതിരെയാണ് വിജയം കൈവരിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കങ്കണ നടത്തിയ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ന്യൂദല്‍ഹി വിമാനത്താവളത്തില്‍ വെച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചിരുന്നു. 100 ഉം 200 ഉം രൂപ കൊടുത്തിട്ടാണ് കര്‍ഷകര്‍ സമരത്തില്‍ പോയിരിക്കുന്നതെന്ന കങ്കണയുടെ നിലപാടിനെതിരെയാണ് അവരുടെ മുഖത്തടിച്ചതെന്നാണ് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞത്. തുടര്‍ന്ന് നിരവധി പേര്‍ കങ്കണയെ എതിര്‍ത്തും കുല്‍വീന്ദറിനെ അനുകൂലിച്ചും രംഗത്ത് വരികയുണ്ടായി.

Contetnt Highlight: Kangana Ranaut says work in the film industry is easier than politics