| Monday, 6th May 2024, 4:28 pm

'സിനിമയില്‍ അമിതാഭ് ബച്ചനോളം സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്ക് മാത്രം..' സ്വയം പുകഴ്ത്തി കങ്കണ; പരിഹസിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനവും സ്‌നേഹവുമാണ് തനിക്കും ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് കങ്കണ റണാവത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ റാലിയിലാണ് താരത്തിന്റെ പ്രതികരണം.

ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കങ്കണ. പ്രചരണ റാലിയില്‍ തന്നെ സ്വയം അമിതാഭ് ബച്ചനോട് ചേര്‍ത്ത് പറയുന്ന കങ്കണയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

രാജസ്ഥാനിലും ബംഗാളിലും ദല്‍ഹിയിലും മണിപ്പൂരിലും ഉള്‍പ്പെടെയുള്ള എല്ലായിടത്തും തനിക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു എന്നാണ് താരം പറഞ്ഞത്. ബോളിവുഡിന്റെ ബിഗ് ബിയായ അമിതാഭ് ബച്ചന് ശേഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാള്‍ക്ക് അതേ സ്‌നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തനിക്കാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

‘ഈ രാജ്യം മുഴുവനും ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനിലും ബംഗാളിലും ദല്‍ഹിയിലും മണിപ്പൂരിലും എവിടെ പോയാലും എല്ലായിടത്ത് നിന്നും എനിക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കുന്നു. അമിതാഭ് ബച്ചന് ശേഷം അതുപോലെ ഒരാള്‍ക്ക് ഇത്രയും സ്‌നേഹവും ബഹുമാനവും ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എനിക്കാണ്,’ കങ്കണ പറഞ്ഞു.

അതേസമയം ഇത്രയും ആത്മവിശ്വാസത്തെ ഒരു പൊതുവേദിയില്‍ തന്നെയും ഇതിഹാസ നടനായ അമിതാഭ് ബച്ചനെയും താരതമ്യപ്പെടുത്തി സ്വയം പുകഴ്ത്തി സംസാരിച്ച കങ്കണയെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈയിടെ ഇറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്ന താരത്തിന് എങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്.

കങ്കണയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം എമര്‍ജന്‍സിയാണ്. ജൂണ്‍ 14ന് തിയേറ്ററില്‍ എത്തുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയിട്ടാണ് താരം വേഷമിടുന്നത്. സിനിമയിലെ കങ്കണയുടെ ലുക്ക് ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്.

Content Highlight: Kangana Ranaut Says She Gets Same Respect And Love From People After Amithabh Bachchan

We use cookies to give you the best possible experience. Learn more