റഷ്യന്‍ പ്രസിഡന്റ് വരെ ഉപദേശം തേടുന്ന മോദിയാണ് മൂന്നാം ലോകമഹായുദ്ധം തടഞ്ഞത്: കങ്കണ റണാവത്
national news
റഷ്യന്‍ പ്രസിഡന്റ് വരെ ഉപദേശം തേടുന്ന മോദിയാണ് മൂന്നാം ലോകമഹായുദ്ധം തടഞ്ഞത്: കങ്കണ റണാവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2024, 5:21 pm

ഷിംല: മൂന്നാം ലോകമഹായുദ്ധം തടഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ബി.ജെ.പി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്. പല വിഷയങ്ങളിലും മോദിയോടാണ് ലോകനേതാക്കള്‍ ഉപദേശം തേടുന്നതെന്നും കങ്കണ പറഞ്ഞു. മാണ്ഡിയിലെ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു നടി കങ്കണ.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ മുതല്‍ ഉക്രൈന്‍ ജനങ്ങള്‍ക്ക് വരെ മോദിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും കങ്കണ പറഞ്ഞു. അതിലൂടെ പ്രധാനമന്ത്രിക്ക് മൂന്നാം ലോകമഹായുദ്ധം വരെ തടയാനായെന്നുമാണ് കങ്കണ പറഞ്ഞത്.

ലോകസമാധാനത്തിന് വേണ്ടിയാണ് മോദി നിലകൊള്ളുന്നതെന്നും ഇതുവരെ കാണാത്ത പ്രതിച്ഛായയാണ് ഇന്ത്യക്ക് ഇപ്പോഴുള്ളതെന്നും കങ്കണ പറഞ്ഞു. നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടത് ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടായിരിക്കണമെന്നും കങ്കണ പറയുകയുണ്ടായി.

നേരത്തെ ആളുമാറി സ്വന്തം പാര്‍ട്ടി നേതാവിനെ തന്നെ കങ്കണ റണാവത് അധിക്ഷേപിച്ചിരുന്നു. ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവിനെ ലക്ഷ്യമിട്ടായിരുന്നു ആരോപണം ഉന്നയിച്ചതെങ്കിലും പേരുമാറി സ്വന്തം പാര്‍ട്ടിയിലെ നേതാവായ തേജ്വസി സൂര്യയെ അധിക്ഷേപിക്കുകയായിരുന്നു നടി.

ആര്‍.ജെ.ഡി നേതാവായ തേജ്വസി സൂര്യ ഗുണ്ടയാണെന്നും മത്സ്യം കഴിക്കും എന്നുമായിരുന്നു പരാമര്‍ശം. തേജ്വസി യാദവ് എന്നതിന് പകരം സ്വന്തം പാര്‍ട്ടി നേതാവായ തേജ്വസി സൂര്യയുടെ പേരാണ് കങ്കണ പറഞ്ഞത്. അതോടൊപ്പം രാഹുല്‍ ഗാന്ധിയെയും തേജ്വസി യാദവിനെയും പരാജിത രാജകുമാരന്‍മാര്‍ എന്നും കങ്കണ വിളിച്ചിരുന്നു.

ഇതിനുപുറമെ തന്റെ ജനപ്രീതിയെ കുറിച്ചും കങ്കണ പ്രചാരണ റാലിക്കിടെ സംസാരിച്ചിരുന്നു. നടന്‍ അമിതാഭ് ബച്ചന് ലഭിക്കുന്ന ബഹുമാനവും സ്നേഹവുമാണ് തനിക്കും ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്.

ബോളിവുഡിന്റെ ബിഗ് ബിയായ അമിതാഭ് ബച്ചന് ശേഷം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരാള്‍ക്ക് അതേ സ്നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തനിക്കാണെന്നും കങ്കണ പറഞ്ഞിരുന്നു.

മാണ്ഡി സ്ഥാനാര്‍ത്ഥി മെയ് 14ന് നാമനിര്‍ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തിലാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഹിമാചലിലെ പൊതുമരാമത്ത് മന്ത്രിയും യുവ കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ്ങാണ് കങ്കണയുടെ പ്രധാന എതിരാളി.

Content Highlight:  Kangana Ranaut says Prime Minister Narendra Modi prevented World War III