| Thursday, 3rd September 2020, 10:11 pm

'മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയെന്ന് കങ്കണ' ; മറുപടിയുമായി സ്വര ഭാസ്‌കറും റിച്ച ഛദ്ദയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദവുമായി നടി കങ്കണ റണൗത്ത്. ഇത്തവണ മുംബൈ പൊലീസിനെതിരെയാണ് കങ്കണ ആഞ്ഞടിച്ചത്. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന.

തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ബോളിവുഡിലെ മാഫിയയെക്കാള്‍ ഭയമാണ് തനിക്ക് മുംബൈ പൊലീസിനെ എന്നാണ് കങ്കണ പറഞ്ഞത്.

എന്നാല്‍ കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. മുംബൈ പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണമുയര്‍ത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു.

തുടര്‍ന്ന് ഇന്ന് കങ്കണ സഞ്ജയ് മറുപടി നല്കി മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ‘മുംബൈയിലേക്ക് കാലു കുത്തരുതെന്ന് പരസ്യമായി എന്നെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ശിവസേന നേതാവായ സഞ്ജയ് റാവത്ത്. എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ ആയി മാറുന്നത്? – എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

സഞ്ജയ് റാവത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിച്ചതാണെങ്കിലും കങ്കണയുടെ ആ ട്വീറ്റ് വളരെ വേഗമാണ് ബോളിവുഡ് ഏറ്റെടുത്തത്. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്ക് മറുപടിയുമായി സ്വര ഭാസ്‌കറടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അണിനിരന്നു.

‘മുംബൈ മേരി ജാന്‍…സ്വന്തം നിലയില്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയില്‍ തന്നെയാണ് ജീവിതം. സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈ. നന്ദി മുംബൈ പൊലീസ് ഈ നഗരത്തെ ഇങ്ങനെ സുരക്ഷിതമാക്കി തന്നതിന്’- എന്നായിരുന്നു സ്വര കങ്കണയ്ക്ക് മറുപടി നല്‍കിയത്.

അവിടെ തീര്‍ന്നില്ല. സ്വരയുടെ അഭിപ്രായത്തെ പിന്താങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.

‘ദല്‍ഹിയില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. ഒരു സ്ത്രീയെന്ന നിലയില്‍ മുംബൈയില്‍ ഞാനനുഭിക്കുന്ന സുരക്ഷിതത്വം എത്രയാണെന്ന് വാക്കുകളിലൂടെ പറയാന്‍ സാധിക്കില്ല’ – റിച്ച ഛദ്ദ പറഞ്ഞു.

‘ബോളിവുഡിലെ 90 ശതമാനം പേരും മയക്കുമരുന്നിന് അടിമകളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് പറ്റിയ നഗരമല്ല മുംബൈ. അതിനെക്കാള്‍ കളങ്കമില്ലാത്ത രാഷ്ട്രീയ മേഖലയാവും അത്തരക്കാര്‍ക്ക് നല്ലത്’- അനുപ് സോണി ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: kangana-ranaut-says-mumbai-feels-like-pok-bollywood

We use cookies to give you the best possible experience. Learn more