| Sunday, 8th November 2020, 6:00 pm

'ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ല, കമല മുന്നോട്ടു നയിക്കും': കങ്കണ റണൗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. ബൈഡന്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ലെന്നാണ് കങ്കണ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കമല്‍ ഹാരിസ് തന്നെയാകും കാര്യങ്ങള്‍ നിയന്ത്രിക്കുക. ഒരു സ്ത്രീ ഉയര്‍ന്നുവരുന്നത് മറ്റ് സ്ത്രീകള്‍ക്കും മുന്നോട്ടുവരാനുള്ള വഴിയൊരുക്കും. ചരിത്ര ദിനത്തിന് ആശംസകള്‍’- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

നേരത്തെ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ആശംസകളുമായി നടി തപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടായി ബൈഡനും വൈസ് പ്രസിഡണ്ടായി കമലാ ഹാരിസും എത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് തപ്സി പറഞ്ഞു. എന്നാല്‍ വിജയത്തെക്കാളും താന്‍ ശ്രദ്ധിച്ചത് അമേരിക്കയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വോട്ടാണെന്ന് തപ്സി കൂട്ടിച്ചേര്‍ത്തു.

12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്ന് പറഞ്ഞ തപ്സി
ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്‍ണ്ണമായ പ്രകടനമാണ് അമേരിക്കയില്‍ കണ്ടതെന്നും പറഞ്ഞു. പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു എന്നും തപ്സി പറഞ്ഞു.

അതേസമയം, അമേരിക്കയില്‍ ഉണ്ടായ മാറ്റത്തിന് സമാനമായ ഒന്ന് ഇന്ത്യയിലും ആവശ്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു.

സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Kangana ranuat on US Election

We use cookies to give you the best possible experience. Learn more