| Saturday, 28th November 2020, 2:14 pm

'വെറും നൂറ് രൂപ കൊടുത്താല്‍ വരുന്ന സമരനായിക'; ബീല്‍കീസിനെ അധിക്ഷേപിച്ച് കങ്കണയുടെ വ്യാജ പോസ്റ്റ്; പ്രതിഷേധത്തിന് പിന്നാലെ പോസ്റ്റ് മുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.

വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞാണ് കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ
കങ്കണ പോസ്റ്റ് മുക്കി.

‘ ഹ ഹ ഹ ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഇടംപിടിച്ച അതേ ദീദി. അവര്‍ ഇപ്പോള്‍ നൂറ് രൂപയ്ക്ക് വരെ ലഭ്യമാണ്’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘ദാദി ഷഹീന്‍ബാഗില്‍ ദാദി കര്‍ഷക സ്ത്രീയായും. ദിവസവേതനത്തില്‍ ദാദിയെ ലഭ്യമാണ്. ഭക്ഷണം, വസ്ത്രം, അവാര്‍ഡ്, പോക്കറ്റ് മണി ഇത്രയും കൊടുത്താല്‍ മതി. കോണ്‍ടാക്ട് ചെയ്യേണ്ടത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫീസ്, 24 അക്ബര്‍ റോഡ് ന്യൂദല്‍ഹി’ യെന്ന് പറഞ്ഞായിരുന്നു ബില്‍ക്കീസിന്റെ ചിത്രം കങ്കണ പങ്കുവെച്ചത്.

ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ നടപടിക്കെതിരെ യൂട്യൂബര്‍ ധ്രുവ് റാഠിയടക്കം രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിന്റെ പാവകള്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെയാണ്. സി.എ.എ വിരുദ്ധരേയും കര്‍ഷക പ്രതിഷേധക്കാരേയും ലക്ഷ്യമിട്ടാണ് കങ്കണ ഈ വ്യാജ വാര്‍ത്ത തയ്യാറാക്കിയത്. തികച്ചും തെറ്റാണ് ഇത്. പിടിക്കപ്പെട്ട ശേഷം അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും ധ്രുവ് റാഠി പറഞ്ഞു.

ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായികയായ ബില്‍കീസ് ഇടംപിടിച്ചിരുന്നു. 2019ല്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.

82 കാരിയായ ബില്‍കീസ് പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നു. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍കീസ് ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു.

2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റിലും ബില്‍ക്കീസ് ഇടംപിടിച്ചിരുന്നു. ‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബി.ബി.സി ബില്‍കിസിനെ വിശേഷിപ്പിച്ചത്. ഒരു കയ്യില്‍ പ്രാര്‍ത്ഥനാമാലകളും മറുകയ്യില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബില്‍കിസ് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്നാണ് നേരത്തെ ടൈംസ് ലേഖനം പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Kangana Ranaut’s fake post on Shaheen bhag Dadi Bilkkis

We use cookies to give you the best possible experience. Learn more