ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം അറിയിച്ചത്.
”കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,” കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിനൊപ്പം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികമായ ഇന്ന് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ച് അതിന് താഴെ ‘രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍, ലാത്തി മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏറ്റവും നല്ല പരിഹാരം.. ജന്മദിനാശംസകള്‍ പ്രധാനമന്ത്രി മാഡം,’ എന്നും കങ്കണ കുറിച്ചു.
കാര്‍ഷിക നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കങ്കണ പിന്തുണച്ചിരുന്നു. അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തു വന്നിരുന്ന ദില്‍ജിത് ദോസഞ്ജിനെപ്പോലുള്ള മറ്റ് സെലിബ്രിറ്റികളുമായി കങ്കണ സോഷ്യല്‍ മീഡിയയിലൂടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ ട്വിറ്ററിലൂടെ കങ്കണ രംഗത്ത് വന്നിരുന്നു. റിഹാനയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കങ്കണയെ ട്വിറ്ററില്‍ നിന്ന് വിലക്കിയത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kangana Ranaut reaction to Narendra Modi’s declaration on the withdrawal of farm laws