ന്യൂദല്‍ഹി: മുംബൈയിലെ 26/11 ഭീകരാക്രമണത്തെക്കുറിച്ച് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍ നടത്തിയ പരാമര്‍ശങ്ങളെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. പാക്കിസ്ഥാനിലെ ലാഹോറില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിയായവരെല്ലാം പാക്കിസ്ഥാനില്‍ സ്വതന്ത്രമായി നടക്കുകയാണെന്നായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്.
മുംബൈ ഭീകരാക്രമണം നേരിട്ടനുഭവിച്ച വ്യക്തി എന്ന നിലയ്ക്ക്, പ്രതികളെല്ലം പാക്കിസ്ഥാനില്‍ സ്വതന്ത്രമായി ജീവിക്കുകയാണ് എന്ന കാര്യം നിസ്സാരമായി തള്ളിക്കളയാന്‍ ഒരു ഇന്ത്യക്കാരനും സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
‘ഭീകരര്‍ ഈജിപ്തില്‍ നിന്നോ നോര്‍വേയില്‍ നിന്നോ വന്നവരായിരുന്നില്ല. അവര്‍ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കുന്നുണ്ട്. ഭാവിയില്‍ എപ്പോഴെങ്കിലും ഒരു ഇന്ത്യക്കാരന്‍ നിങ്ങളോട് ഈ വിഷയത്തെ കുറിച്ച് പരാമര്‍ശിച്ചാല്‍ അതില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരാകേണ്ടതില്ല,’ ജാവേദ് അക്തര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്ക് ഇന്ത്യ പലപ്പോഴും ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ലതാ മങ്കേഷ്‌കറെ പാക്കിസ്ഥാന്‍ ഒരിക്കലും അതിഥിയായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസംഗത്തിന്റെ വീഡിയോഭാഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണവും. ജാവേദ് അക്തറിന്റെയുള്ളില്‍ സത്യമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തില്‍ ദൈവികത നിലനില്‍ക്കുന്നതെന്നും കങ്കണ പറഞ്ഞു.
‘ജാവേദ് സാബിന്റെ കവിതകള്‍ കേള്‍ക്കുമ്പോള്‍ സരസ്വതി ദേവിയെ ഓര്‍മ്മ വരും. സരസ്വതി ദേവിയുടെ അനുഗ്രഹം അദ്ദേഹത്തിനുള്ളതായി എനിക്ക് എപ്പോഴും തോന്നാറുണ്ട്. ഒരു വ്യക്തിയുടെ ഉള്ളില്‍ സത്യം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് അവനില്‍ ദൈവികത കുടികൊള്ളുന്നത്. ജയ് ഹിന്ദ്, സ്വന്തം നാട്ടില്‍ വെച്ച് തന്നെ അവരെ സത്യം മനസിലാക്കാന്‍ അവസരമുണ്ടാക്കിയതിന്,’ കങ്കണ റണാവത്ത് ട്വിറ്ററില്‍ കുറിച്ചു.