മുംബൈ: ആന്‍ഡമാനിലെ ദ്വീപിലെത്തി ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറെ തടവിലാക്കിയ സെല്ലുകള്‍ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കങ്കണ തന്നെയാണ് ഇക്കാര്യ പങ്കുവെച്ചത്.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ധ്യാനത്തിലിരിക്കുന്ന ചിത്രം നടി പങ്കുവെച്ചിട്ടുണ്ട്.
ഒരു കടലിന്റെ നടുവിലുള്ള, രക്ഷപ്പെടല്‍ അസാധ്യമായ കാലാപാനിയിലെ ഈ ചെറിയ സെല്ലില്‍ പാര്‍പ്പിക്കുമ്പോഴും അവര്‍ സവര്‍ക്കറെ ചങ്ങലകള്‍ കൊണ്ടുബന്ധിപ്പിച്ചത് എത്ര ഭീരുക്കളായതുകൊണ്ടായിരിക്കുമെന്ന് കങ്കണ പറഞ്ഞു. ഈ സെല്ലുകള്‍ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ സത്യങ്ങളാണെന്നും ഇത് പാഠപുസ്‌കങ്ങളില്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
‘ജയിലില്‍ അദ്ദേഹം അനുഭവിച്ച കാര്യങ്ങള്‍ ഒരു നിമിഷം കണ്‍മുന്നില്‍ തെളിഞ്ഞെു. കാലാപാനി, സെല്ലുലാര്‍ ജയില്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലെ സവര്‍ക്കര്‍ കിടന്ന സെല്ലുകള്‍ കണ്ട് ഞാന്‍ നടുങ്ങിപ്പോയി. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിട്ടുണ്ടാകും. അദ്ദേഹത്തോടുള്ള എല്ലാ ക്രൂരതകളേയും അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. സവര്‍ക്കര്‍ ജിയോടുള്ള ആദരവും നന്ദിയും ഞാന്‍ അര്‍പ്പിക്കുകയാണ്,’ കങ്കണ പറഞ്ഞു.
വരാനിരിക്കുന്ന തന്റെ സിനിമയായ തേജസിന്റെ ചിത്രീകരണത്തിനായാണ് കങ്കണ ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയത്. കങ്കണ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൈലറ്റായി വേഷമിടുന്ന സര്‍വേഷ് മേവരയുടെ സംവിധാനത്തിലുള്ള ചിത്രമാണ് തേജസ്.
തലൈവിയാണ് കങ്കണയുടേതായി അടുത്തിടെ റിലീസായ ചിത്രം. തേജസിനെ കൂടാതെ ധക്കാഡ് ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സമയത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ആസ്പദമാക്കി ഒരുങ്ങുന്ന എമര്‍ജന്‍സി, സീത എന്നിവയാണ് കങ്കണയുടെ പുതിയ പ്രൊജക്ടുകള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Kangana Ranaut pays gratitude to Veer Savarkar as she visits his cell in Kala Pani during Tejas shoot