ന്യൂദല്‍ഹി: കങ്കണ റണാവത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ചരിത്രം പഠിക്കണമെന്ന് ശശി തരൂര്‍ എം.പി. സ്വാതന്ത്ര്യ സമരത്തക്കുറിച്ച് കങ്കണയ്ക്ക് യാതൊരു വിധത്തിലുള്ള അറിവുമില്ലെന്നും സ്വാതന്ത്ര്യ സമരം ഭിക്ഷയാചിക്കലാണ് എന്ന് എങ്ങനെയാണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കങ്കണ അല്‍പ്പം ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാരോട് നിങ്ങളുടെ നിയമം അന്യായമാണെന്ന് പറഞ്ഞ മഹാത്മാഗാന്ധി അഭിമാനവും തന്റേടവുമുള്ള ഒരു മനുഷ്യനായിരിന്നു.
എന്നാല്‍, അദ്ദേഹം ഭിക്ഷ യാചിക്കാനാണ് പോവുന്നതെന്ന് കങ്കണ കരുതുകയാണെങ്കില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ബോധ്യവുമില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.
നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് പറയുന്നതാണോ അവരെ സംബന്ധിച്ച് ഭിക്ഷയാചിക്കല്‍,’ തരൂര്‍ ചോദിച്ചു.
ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്‍കിയ ആളുകളെ വീരനായി കരുതുന്ന കങ്കണയ്ക്ക് സ്വാതന്ത്ര്യ സമരത്തിലെ യഥാര്‍ത്ഥ വീരന്‍മാരെ മനസിലാവാന്‍ സാധ്യതയില്ലെന്നും, പലരും കങ്കണയുടെ വീരനെക്കാള്‍ കൂടുതല്‍ കാലം ജയിലില്‍ കിടന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമല്ല ഭിക്ഷയായിരുന്നു നേടിത്തന്നത് എന്ന് കങ്കണ പറഞ്ഞത്.
ഭഗത് സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഗാന്ധിജി ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും അതോടൊപ്പം ഗാന്ധിയും നെഹ്റുവും ജിന്നയും ചേര്‍ന്ന് ബ്രിട്ടീഷുകാരുമായി സുഭാഷ് ചന്ദ്രബോസിനെ കുടുക്കാന്‍ ഉടമ്പടിയിലെത്തിയെന്നും കങ്കണ പറഞ്ഞിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹത്തെ ബ്രിട്ടണ് കൈമാറും എന്നായിരുന്നു അവര്‍ ഉണ്ടാക്കിയ ഉടമ്പടിയെന്നും കങ്കണ പറഞ്ഞു.
ഭഗത് സിംഗിനെ തൂക്കിലേറ്റാന്‍ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നെന്നും, ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഭഗത് സിംഗിനെ തൂക്കിലേറ്റിയതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ തന്റെ ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ചയാളാണോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിതന്നെതെന്നും, അത് സ്വാതന്ത്ര്യമായിരുന്നില്ല ഭിക്ഷയായിരുന്നെന്നും കങ്കണ പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ആരാധ്യപുരുഷനെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യത്തിന് വേണ്ടി പോരാടിയ ധീരയോദ്ധാക്കളെ അധികാരമോഹികളായ ഒരു കൂട്ടമാളുകള്‍ തങ്ങളുടെ ‘യജമാനന്‍മാര്‍ക്ക്’ പിടിച്ചുകൊടുക്കുകയായിരുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല, മറിച്ച് അധികാരം മാത്രമായിരുന്നു ലക്ഷ്യമെന്നും കങ്കണ പറഞ്ഞു.
20104ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളായിരുന്ന കങ്കണയ്ക്കെതിരെ ഉയര്‍ന്നു വന്നത്. എന്നാല്‍ വിവാദപരമായ പുതിയ പരാമര്‍ശങ്ങള്‍ പറയുകയല്ലാതെ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ കങ്കണ ഇതുവരെ തയ്യാറായിട്ടില്ല.
താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാമെന്നാണ് കങ്കണ പറയുന്നത്.