ഹമാസ് ആധുനിക രാവണന്‍ : ഇസ്രഈല്‍ അംബാസിഡറെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത്
national news
ഹമാസ് ആധുനിക രാവണന്‍ : ഇസ്രഈല്‍ അംബാസിഡറെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2023, 6:42 pm

ന്യൂദല്‍ഹി: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ ഇസ്രഈല്‍ അംബാസിഡര്‍ നൗര്‍ ഗിലോണുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അഭിനേത്രി കങ്കണ റണാവത്ത്. ഇരുവരും ഇസ്രഈല്‍ ഫലസ്തീന്‍ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതായി കങ്കണ എക്‌സില്‍ കുറിച്ചു.

ഈ കാലത്തെ രാവണനാണ് ഹമാസ് എന്ന കുറിപ്പോട് കൂടി ചര്‍ച്ചക്കിടയിലെ അംബാസിഡറോടൊപ്പമുള്ള ഫോട്ടോയും ചേര്‍ത്താണ് കങ്കണ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇസ്രഈലിന് പിന്തുണ നല്‍കുന്ന വീഡിയോയും അതോടൊപ്പം തന്റെ പുതിയ സിനിമയായ തേജസിനെ കുറിച്ചുള്ള പരാമര്‍ശവും പോസ്റ്റില്‍ നല്‍കിയിരുന്നു.

ഹമാസെന്ന തീവ്രവാദികള്‍ കൂട്ടക്കൊല നടത്തുന്നതിന് മുന്‍പേ ഞാന്‍ വളരെ വാചാലയായിരുന്നെന്നും ഇപ്പോള്‍ എന്റെ ഹൃദയം ഇസ്രഈലിലേക്ക് പോവുന്നുവെന്നും നമ്മുടെ ഹൃദയം മുഴുവന്‍ ചോരയുമാണെന്ന് കങ്കണ കുറിപ്പില്‍ പറഞ്ഞു. ഇസ്രഈലിനും ജൂതന്മാര്‍ക്കും ഞാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും കങ്കണ പറഞ്ഞു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും നൂറ്റാണ്ടുകളായി തങ്ങള്‍ വംശഹത്യകള്‍ നേരിടുന്നുണ്ടെന്നും അതിനാല്‍ യഹൂദരെ മനസിലാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് കങ്കണ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഭാരതം അര്‍ഹിക്കുന്നതായി തങ്ങള്‍ വിശ്വസിക്കുന്നത് പോലെ ജൂതന്മാര്‍ക്കും ഒരു രാഷ്ട്രം അര്‍ഹതപെടുന്നുണ്ടെന്നും കങ്കണ പറഞ്ഞു. അതുകൊണ്ട് തന്നെ നിങ്ങള്‍ പോരാടുന്നത് നിങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയാണെന്ന് താന്‍ മനസിലാക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഇസ്രഈലും ഇന്ത്യയും തീവ്രവാദത്തിനെതിരെ പോരാടുകയാണെന്നും രാവണദഹനത്തിനായി ദല്‍ഹിയില്‍ എത്തിയപ്പോള്‍ ഇസ്രഈല്‍ എംബസിയില്‍ വന്ന് ഇന്നത്തെ ആധുനിക രാവണനെ പരാജയപ്പെടുത്തുന്ന ആളുകളെ കാണണമെന്ന് തോന്നിയെന്നും കങ്കണ എക്‌സില്‍ കുറിച്ചു.

ചെറിയ കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്ന അവസ്ഥ വിഷമിപ്പിക്കുന്നുവെന്നും ഭീകരതക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും കങ്കണ പറഞ്ഞു. തന്റെ വരാനിരിക്കുന്ന സിനിമയായ തേജസിനെ കുറിച്ച് നൗര്‍ ഗിലോണുമായി ചര്‍ച്ച ചെയ്തെന്നും കങ്കണ കുറിച്ചു.

കങ്കണയുടെ പിന്തുണക്കും തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ഇന്ത്യ നല്‍കുന്ന പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളോടും ഇസ്രഈല്‍ അംബാസിഡര്‍ നൗര്‍ ഗിലോണ്‍ നന്ദി അറിയിക്കുകയും ചെയ്തു.

Content Highlight: Kangana Ranaut met the Israel Ambassador