| Saturday, 6th April 2024, 9:47 am

നിങ്ങളെക്കാള്‍ ഐ.ക്യു എനിക്കുണ്ട്: സുഭാഷ് ചന്ദ്രബോസ് വിഷയത്തില്‍ ന്യായീകരണവുമായി കങ്കണ റണാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ട്രോളുകള്‍ക്കിടയിലും സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച് നടത്തിയ തെറ്റായ പരാമര്‍ശത്തില്‍ ന്യായീകരണവുമായി നടി കങ്കണ റണാവത്ത്.

1943 ഒക്ടോബര്‍ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് റണൗത്ത് ട്വീറ്റ് ചെയ്തു. ഒരു ഇവന്റില്‍ തെറ്റായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോയും അതിന് പിന്നാലെ വന്ന പരിഹാസങ്ങള്‍ക്കും തമാശകള്‍ക്കും എതിരായിട്ടാണ് ചരിത്രത്തിന്റെ ഭാഗമെന്ന് പറഞ്ഞുകൊണ്ട് കങ്കണ പങ്കുവെച്ചത്.

കങ്കണയെ പരിഹസിച്ചും, പൊതുവിജ്ഞാനം ചോദ്യം ചെയ്തുകൊണ്ടും പലരും രംഗത്തു വന്നിരുന്നു. നിലവില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് കങ്കണ.

ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയുെട കാര്യത്തില്‍ എനിക്ക് വിജ്ഞാനം നല്‍കുന്നവരെല്ലാം ഈ സ്‌ക്രീന്‍ ഷോട്ട് വായിക്കുക. കുറച്ച് വിദ്യാഭ്യാസം നേടാന്‍ എന്നോട് ആവശ്യപ്പെടുന്ന എല്ലാ പ്രതിഭകളും ഇക്കാര്യം അറിഞ്ഞിരിക്കണം,’ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് കങ്കണ പറഞ്ഞു. നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള എമര്‍ജന്‍സി എന്ന സിനിമ സംവിധാനം ചെയ്തയാളാണ് താനെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

1943 ഒക്ടോബര്‍ 21-ന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും രാഷ്ട്രത്തലവനും യുദ്ധമന്ത്രിയുമായി സ്വയം പ്രഖ്യാപിച്ചുവെന്നാണ് കങ്കണ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മധ്യത്തില്‍ സിംഗപ്പൂരില്‍ വെച്ച് ആസാദ് ഹിന്ദ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അതേസമയം, കങ്കണ റണാവത്തിന്റെ ‘ആദ്യ പ്രധാനമന്ത്രി’ പരാമര്‍ശത്തിനെതിരെ ചില പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.

‘വടക്കിലെ ഒരു ബിജെപി സ്ഥാനാര്‍ത്ഥി പറയുന്നു, സുഭാഷ് ചന്ദ്ര ബോസായിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ബിജെപി നേതാവ് പറയുന്നു മഹാത്മാഗാന്ധിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന്. ഇവരുടെയെല്ലാം ബിരുദം എവിടെനിന്നായിരുന്നു?’, കങ്കണയുടെ പേര് പരാമര്‍ശിക്കാതെ, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു എക്സില്‍ കുറിച്ചു.

Content Highlight: Kangana Ranaut justifies  on Subhash Chandra Bose issue

We use cookies to give you the best possible experience. Learn more