| Tuesday, 7th June 2022, 6:53 pm

ഇത് അഫ്ഗാനിസ്ഥാനൊന്നുമല്ല; നുപുറിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷപരാമര്‍ശം നടത്തിയ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ പിന്തുണച്ച് ബോളിവുഡ് നടിയും സംഘപരിവാര്‍  സഹയാത്രികയുമായ കങ്കണ റണാവത്ത്. നുപുറിനെ ലക്ഷ്യമായി വരുന്ന ഭീഷണികള്‍ അപലപനിയമാണെന്ന് കങ്കണ പറഞ്ഞു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ തങ്ങള്‍ കോടതിയില്‍ പോകാറാണെന്നും മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്നും കങ്കണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘നുപുറിന് അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹതയുണ്ട്, എല്ലാത്തരം ഭീഷണികളും അവരെ ലക്ഷ്യമിടുന്നതായി കാണുന്നത് അപലപനിയമാണ്.

ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോകുകയാണ് ചെയ്യാറ്. ദയവായി അത് ചെയ്യുക, ഇത് അഫ്ഗാനിസ്ഥാനൊന്നുമല്ല, ഇവിടെ ജനാധിപത്യം എന്ന പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ശരിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ട്. മറന്നുപോയവരെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു എന്ന് മാത്രം,’ കങ്കണ പറഞ്ഞു.

അതേസമയം,  നുപുര്‍ ശര്‍മയെ ചോദ്യം ചെയ്യാന്‍ മഹാരാഷ്ട്ര പൊലീസ് വിളിപ്പിച്ചു. ഈ മാസം 22ന് ഹാജരാകണമെന്നാണ് നിര്‍ദേശം. മുമ്പ്ര താനെയിലുള്ള പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് നിര്‍ദേശം. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നുപുര്‍ ശര്‍മയ്‌ക്കെതിരെ മുമ്പ്ര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

നിയമപ്രകാരം മൊഴി രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും പിന്നീട് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

മുംബൈ പൊലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് 28നാണ് പൊലീസ് നുപുർ ശർമയ്ക്കെതിരെ കേസെടുക്കുന്നത്. റാസ അക്കാദമി തലവൻ ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായത് പോലെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ആളിപ്പടര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Content Highlights:  Kangana Ranaut has come out in support of BJP spokesperson Nupur Sharma for making hate speech against the Prophet.

We use cookies to give you the best possible experience. Learn more