| Sunday, 21st November 2021, 8:02 am

രാജ്യദ്രോഹം; കങ്കണയ്‌ക്കെതിരെ പൊലീസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പൊലീസില്‍ പരാതി.

സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കങ്കണ റണാവത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ശനിയാഴ്ച പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അമ്രീഷ് രഞ്ജന്‍ പാണ്ഡെയും സംഘടനയുടെ ലീഗല്‍ സെല്ലിന്റെ കോ-ഓര്‍ഡിനേറ്റര്‍ അംബുജ് ദീക്ഷിതും ചേര്‍ന്നാണ് ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഇന്ത്യ ജിഹാദി രാഷ്ട്രമാണെന്നും രാജ്യത്ത് സ്വേച്ഛാധിപത്യം വേണമെന്നും പറഞ്ഞ് കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ പോസ്റ്റ് ചെയ്തിരുന്നു.

”കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

ഇതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

കാര്‍ഷിക നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കങ്കണ പിന്തുണച്ചിരുന്നു. അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തു വന്നിരുന്ന ദില്‍ജിത് ദോസഞ്ജിനെപ്പോലുള്ള മറ്റ് സെലിബ്രിറ്റികളുമായി കങ്കണ സോഷ്യല്‍ മീഡിയയിലൂടെ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ ട്വിറ്ററിലൂടെ കങ്കണ രംഗത്ത് വന്നിരുന്നു. റിഹാനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കങ്കണയെ ട്വിറ്ററില്‍ നിന്ന് വിലക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kangana Ranaut Faces Police Complaint For “Seditious” Instagram Post

We use cookies to give you the best possible experience. Learn more