| Monday, 7th September 2020, 7:17 pm

കങ്കണയുടെ മുംബൈ ഓഫീസില്‍ റെയ്ഡ്, നാളെ ഓഫീസ് പൊളിക്കുമെന്ന് വിവരം ലഭിച്ചെന്ന് നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: നടി കങ്കണ റണൗത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. നടിയുടെ മുംബൈയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയിരിക്കുകയാണ് ബി.എ.സി കോര്‍പ്പറേഷന്‍ അധികൃതര്‍. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.

റെയ്ഡിന്റെ ദൃശ്യം കങ്കണ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓഫീസ് പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ പറയുന്നത്. ഒപ്പം തന്റെ ഓഫീസിലേക്ക് അവര്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും കങ്കണ ആരോപിച്ചു.

‘ അവര്‍ എന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. എല്ലാം പരിശോധിച്ചു. ഒപ്പം അടുത്തുള്ളവരോടും  മോശമായി പെരുമാറി. ‘മാഡം ചെയ്തതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്ന തരത്തിലുള്ള സംസാരവും അവര്‍ നടത്തി,’

‘ നാളെ അവര്‍ എന്റെ വസ്തുക്കള്‍ പൊളിച്ചു നീക്കുകയാണെന്നാണ് ലഭിക്കുന്നു വിവരം,’ കങ്കണ ട്വീറ്റ് ചെയ്തു. തന്റെ കൈയ്യില്‍ ഓഫീസിന്റെ എല്ലാ രേഖകളുമുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ഇതിനിടെ സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലെത്തുന്ന കങ്കണയ്ക്ക് കേന്ദ്രം സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കങ്കണയ്ക്ക് ഏര്‍പ്പെടുത്തുന്നത്. ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, കമാന്‍ഡോകള്‍, ഉള്‍പ്പെടെ 11 പൊലീസുകാര്‍ കങ്കണയുെട സുരക്ഷയ്ക്കുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ചതിനു ശേഷമാണ് കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ ഞാന്‍ സെപ്റ്റംബര്‍ 9 ന് മുബൈയില്‍ എത്തുമെന്നും ആദ്യം കാണുന്നത് സജ്ജയ് റാവത്തിനെയായിരിക്കുമെന്നുമാണ് കങ്കണ മറുപടി നല്‍കിയത്.

കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയില്‍ പോവാനും തനിക്ക് മടിയില്ലെന്ന് ശിവസേനാ എം.എല്‍.എ പ്രതാപ് സര്‍നായികും പറഞ്ഞിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കങ്കണ റണൗത്തിന് യാതൊരു അവകാശവുമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTET HIGHLIGHT: Kangana Ranaut Claims Invasion Of Her Office

We use cookies to give you the best possible experience. Learn more