ബംഗളൂരു: കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്ത് നടന്ന കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. തുമകുരു ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ കങ്കണയുടെ പരാമര്‍ശത്തില്‍ തുമകുരു ജില്ലാ കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ഉത്തരവിട്ടിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തീവ്രവാദികളുമായി ഉപമിച്ച ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി.
‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരു വ്യക്തിക്ക് പോലും ഇവിടെ പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ രക്തപ്പുഴയൊഴുക്കിയത്. ‘, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നീ രാജ്യസഭയില്‍ പാസാക്കിയ ബില്ലുകള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.