ന്യൂദല്‍ഹി: മാണ്ഡിയിലെ നിയുക്ത എം.പിയും നടിയുമായ കങ്കണ റണാവത്തിന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ മര്‍ദനം. കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് മര്‍ദനം. ദല്‍ഹിയിലേക്കുള്ള യാത്രമധ്യേ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥയ്ക്കെതിരെ പൊലീസ് കേസെടുത്തു.
മുമ്പ് കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതുകൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നും ഉദ്യോഗസ്ഥ പറഞ്ഞു. നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ അധിക്ഷേപ പരാമര്‍ശം.
കര്‍ഷക സമരത്തില്‍ കങ്കണ പോയിരിക്കുമോയെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ചോദിച്ചു. കങ്കണ ഈ പ്രസ്താവന നടത്തുമ്പോള്‍ തന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടി.
അതേസമയം വിമാനത്താവളത്തിനുള്ളില്‍ വെച്ച് സി.ഐ.എസ്.എഫ് വനിതാ ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദനമേറ്റതെന്നും തന്നെ കാത്തുനിന്ന് മര്‍ദിക്കുകയായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചു. സംസ്ഥാനത്തെ തീവ്രവാദത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും നിയുക്ത എം.പി ചോദിച്ചു.
പരാതിയെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിക്കെതിരെയാണ് കങ്കണയുടെ പരാതി.
Content Highlight: Kangana Ranaut beaten up by CISF officer