| Friday, 12th July 2024, 10:28 am

തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡുമായി വരണമെന്ന് കങ്കണ റണാവത്ത്; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി വരണമെന്ന ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലെ ജനങ്ങളോടായിരുന്നു കങ്കണയുടെ പ്രസ്താവന.

ആധാര്‍ കാര്‍ഡിനൊപ്പം തന്നെ കാണാനെത്തുന്ന ജനങ്ങള്‍ ജോലി വിവരങ്ങളും സന്ദര്‍ശനത്തിന്റെ കാരണം ഉള്‍പ്പടെയുള്ള വിവരങ്ങളും എഴുതി നല്‍കണമെന്നാണ് മാധ്യമങ്ങളോട് കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശ് നിരവധി വിനോദ സഞ്ചാരികള്‍ വരുന്ന സ്ഥലമായതിനാല്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കങ്കണയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാതെ തന്നെ വരാമെന്ന് മാണ്ഡിയില്‍ കങ്കണ റണാവത്തിനോട് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ് പറഞ്ഞു.

‘ഞങ്ങള്‍ ജനപ്രതിനിധികളാണ്. അതിനാല്‍ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെയും കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ചെറിയ ജോലിയായാലും വലിയ ജോലിയായാലും നയപരമായ കാര്യമായാലും വ്യക്തിപരമായ കാര്യമായാലും അതിനൊരു തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യം ഇല്ല,’ വിക്രമാദിത്യ സിങ് പറഞ്ഞു.

ജോലി ആവശ്യമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി സമീപിക്കുന്ന ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന കങ്കണയുടെ പ്രസ്താവന ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ ലോകസ്ഭാ സ്ഥാനാര്‍ത്ഥി ആയത് മുതല്‍ കങ്കണ നടത്തിയ ഓരോ പരാമര്‍ശങ്ങളും വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് കങ്കണ റണാവത്ത് നടത്തിയ പ്രസ്താവനകള്‍ വലിയ പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഏറ്റുവാങ്ങിയത്.

മോദി ഇടപെട്ടാണ് മൂന്നാം ലോകമഹായുദ്ധം തടഞ്ഞതെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തനിടെ കങ്കണ പ്രസംഗിച്ചിരുന്നു. പല വിഷയങ്ങളിലും മോദിയോടാണ് ലോക നേതാക്കള്‍ ഉപദേശം തേടുന്നതെന്നും കങ്കണ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഇത് വലിയ പരിഹാസങ്ങള്‍ ഏറ്റുവാങ്ങുന്നതിന് ഇടയാക്കിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുതല്‍ ഉക്രൈനിലെ ജനങ്ങള്‍ക്ക് വരെ മോദിയാണ് ഉപദേശങ്ങള്‍ നല്‍കുന്നതെന്നും അതിലൂടെ പ്രധാനമന്ത്രിക്ക് മൂന്നാം ലോകമഹായുദ്ധം തടയാനായെന്നും കങ്കണ പറഞ്ഞിരുന്നു.

അതുപോലെ സോഷ്യല്‍ മീഡിയയില്‍ കങ്കണ വ്യാപകമായി ട്രോള്‍ ഏറ്റുവാങ്ങിയ മറ്റൊരു പരാമര്‍ശമായിരുന്നു സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് കങ്കണ പറഞ്ഞത്.

ഇത്തരത്തില്‍ എം.പി ആകുന്നതിന് മുമ്പും ശേഷവും കങ്കണ നടത്തിയ നിരവധി പ്രസ്താവനകള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Content Highlight: Kangana Ranaut asks those who want to meet her to come with Aadhaar card; Congress with criticism

We use cookies to give you the best possible experience. Learn more