ദേശദ്രോഹികളെ നിങ്ങളെ വാങ്ങാന്‍ അറുപത് രൂപ മതി; നിങ്ങളുടെ പിന്തുണയോടെയല്ല ബോളിവുഡിലെ മികച്ച നടിയായത്; മാധ്യമപ്രവര്‍ത്തകരെ വീണ്ടും അധിക്ഷേപിച്ച് കങ്കണ റണാവത്ത്
indian cinema
ദേശദ്രോഹികളെ നിങ്ങളെ വാങ്ങാന്‍ അറുപത് രൂപ മതി; നിങ്ങളുടെ പിന്തുണയോടെയല്ല ബോളിവുഡിലെ മികച്ച നടിയായത്; മാധ്യമപ്രവര്‍ത്തകരെ വീണ്ടും അധിക്ഷേപിച്ച് കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2019, 5:24 pm

മുംബൈ:മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അധിക്ഷേപവുമായി നടി കങ്കണ റണാവത്ത്. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ദേശദ്രോഹികഷളും വൃത്തികെട്ടവരും പത്താം ക്ലാസ് തോറ്റവരുമാണെന്നാണ് കങ്കണയുടെ വിശേഷണം.

നേരത്തെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നടി കങ്കണ റണാവത്ത് അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ നിര്‍മ്മാണ കമ്പനി മാപ്പു പറഞ്ഞിരുന്നു. കങ്കണയുടെ പുതിയ സിനിമയായ ‘ജഡ്ജ്മെന്റല്‍ ഹൈ ക്യാ’ എന്ന സിനിമയുടെ പ്രെമോഷന് ഇടയായിരുന്നു സംഭവം.

കങ്കണയുടെ ചിത്രമായ മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു കങ്കണ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്കെതിരെ എന്റര്‍ടൈന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് നടിയെ ചൊടിപ്പിച്ചത്.

തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ ലക്ഷങ്ങളൊന്നും ചെലവാക്കെണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും താരം പറഞ്ഞു.

തന്നെ ബഹിഷ്‌കരിക്കണമെന്നും അങ്ങനെ അവര്‍ കഷ്ടപ്പെടണമെന്നും കങ്കണ പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച ,ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ പറഞ്ഞു.

തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കങ്കണ നന്ദി പറയുകയും ചെയ്തു.

ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെയായിരുന്നു നേരത്തെ നടി അധിക്ഷേപവും ആരോപണവും ഉന്നയിച്ചത്.

തന്റെ സിനിമയെ മന:പൂര്‍വം അധിക്ഷേപിക്കുകയാണെന്നും ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തെ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റിലൂടെ വിമര്‍ശിച്ചില്ലേയെന്നും നടി ആരോപിച്ചു.താനുമായി സിനിമയ്ക്ക് വേണ്ടി മൂന്ന് മണിക്കൂറോളം വാനില്‍ അഭിമുഖം നടത്തിയെന്നും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ ആരോപിച്ചു. അന്ന് തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറഞ്ഞു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ തനിക്കെതിരെ ക്യാംപെയ്നിങ്ങ് നടത്തുകയാണെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ മണികര്‍ണികയെ സംബന്ധിച്ച് താന്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും കങ്കണയുമായി പറയപ്പെടുന്ന രീതിയില്‍ ഒരു രീതിയിലുള്ള അഭിമുഖമോ ഡിന്നര്‍ കഴിച്ചില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണിലൂടെ മാധ്യമ പ്രവര്‍ത്തകന്‍ ചാറ്റ് ചെയ്തെന്ന വാദവും നിഷേധിച്ച മാധ്യമ പ്രവര്‍ത്തകന്‍ അത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് പരസ്യമായി കാണിക്കാന്‍ കങ്കണയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.