ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമര്‍ജന്‍സി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മാണവും കങ്കണ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ബോളിവുഡ് താരം അനുപം ഖേര്‍, കങ്കണയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
കങ്കണ ഒരു അസാധ്യ സംവിധായികയാണെന്നാണ് അനുപം ഖേറിന്റെ പരാമര്‍ശം. കങ്കണയുടെ നിര്‍ദേശങ്ങള്‍ അത്ഭുതപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ അടുത്തിടെ കങ്കണയുടെ ഒരു ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. അവര്‍ മികച്ചൊരു സംവിധായികയാണ്. ഇടക്കിടെ എന്റെ ചെവിയില്‍ കങ്കണ ചില നിര്‍ദേശങ്ങള്‍ മന്ത്രിക്കും, അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തും,’ അനുപം ഖേര്‍ പറഞ്ഞു. ആര്‍.ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ സംവിധാന മികവിനെ പുകഴ്ത്തി അനുപം ഖേര്‍ രംഗത്തെത്തിയത്.
‘എപ്പോഴും ദയയും കൃപയുമുള്ളയാള്‍” എന്നാണ് അനുപം ഖേറിന്റെ വാക്കുകളോട് കങ്കണയുടെ പ്രതികരണം.
ചിത്രത്തിന് വേണ്ടിയുള്ള കങ്കണയുടെ കഥക്ക് തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ‘എമര്‍ജന്‍സി’ നിര്‍മിക്കുന്നത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് എമര്‍ജന്‍സി. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം.
എന്നാല്‍, ചിത്രത്തിന്റെ ഭൂരിഭാഗവും കൃഷ് ജഗര്‍ലമുഡിയാണ് സംവിധാനം ചെയ്തതെന്നും, അവസാന സമയത്ത് അദ്ദേഹത്തെ മാറ്റി കങ്കണ സ്വന്തം പേര് വെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സോനു സൂദിന്റെ അടക്കം രംഗങ്ങള്‍ സിനിമയില്‍ നിന്ന് കങ്കണ ഇടപെട്ട് നീക്കം ചെയ്തതും വിവാദമായിരുന്നു. വലിയ ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു.
Content Highlight: Kangana is a brilliant director says Anupam Kher quoting her debut direction in movie Emergency