മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ തിരെ മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് നവാബ് മാലികിന്റെ വിമര്‍ശനം.
ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചാണ് കങ്കണ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയതെന്നാണ് നവാബ് മാലിക് പറഞ്ഞത്.
കങ്കണയുടെ പരാമര്‍ശത്തെ അപലിക്കുന്നുവെന്നും സ്വാതന്ത്ര്യസമര നേതാക്കളെ കങ്കണ അപമാനിച്ചെന്നും നവാബ് മാലിക് പറഞ്ഞു.
കങ്കണയുടെ പത്മശ്രീ കേന്ദ്രം തിരിച്ചെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്നും നവാബ് മാലിക് പറഞ്ഞു.
കങ്കണയെ വിമര്‍ശിച്ച് നേരത്തെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
രാജ്യദ്രോഹമാണ് കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
‘മഹാത്മാഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,” കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
ഇതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് വരുണ്‍ ഗാന്ധി ചോദിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights:Kangana in trouble, Maharashtra minister demands Arrest of Kangana Ranaut