| Sunday, 9th May 2021, 2:00 pm

ട്വിറ്റര്‍ പുറത്താക്കിയിട്ടും ഇന്‍സ്റ്റാഗ്രാമില്‍ കലാപാഹ്വാനം തുടര്‍ന്ന് കങ്കണ; ഒപ്പം ബംഗാളിനെ കുറിച്ച് വിദ്വേഷ പ്രചാരണവും വ്യാജവാര്‍ത്തകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് വിദ്വേഷപ്രചാരണവും വ്യാജവാര്‍ത്തകളും നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടിയും സംഘപരിവാര്‍ അനുകൂലിയുമായ കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയത്. എന്നാല്‍ ഇതിന് ശേഷവും വ്യാജവാര്‍ത്തകളും വിദ്വേഷ പ്രചരണവും തുടരുകയാണ് നടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബംഗാളില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുയാണെന്ന പ്രചാരണവുമായി കങ്കണയെത്തിയിരിക്കുന്നത്.

‘നിരവധി പേരെ കൊല്ലുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. എന്താണ് ഇതൊക്കെ സഹിക്കാന്‍ ഹിന്ദുക്കള്‍ ചെയ്തത്?’ കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചോദിക്കുന്നു. ഹിന്ദുക്കളോട് തിരിച്ച് ആക്രമിക്കാന്‍ ആവശ്യപ്പെടുന്ന ഒരു പോസ്റ്ററും ഇതിനൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.

‘1947ലെ കൊല്‍ക്കത്ത കൂട്ടക്കൊല ആവര്‍ത്തിക്കാനാണ് ഹിറ്റ്‌ലര്‍ മമത ശ്രമിക്കുന്നത്. ഹിന്ദു സമൂഹത്തിന് ഇനിയും കാഴ്ചക്കാരെ പോലെ മിണ്ടാതിരിക്കാനാവില്ല’ എന്നാണ് ഈ പോസ്റ്ററിലെ വാചകങ്ങള്‍. ഇതിനോടുള്ള പ്രതികരണവും കങ്കണ സ്‌റ്റോറിയില്‍ പറയുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ ഇതൊന്നും തങ്ങളെയല്ലല്ലോ ബാധിക്കുന്നത് എന്ന് കരുതി അവരെല്ലാം മിണ്ടാതിരിക്കുകയാണ്. പക്ഷെ തൊട്ടടുത്ത ദിവസം ഇത് അവര്‍ക്ക് നേരയുമുണ്ടാകുമെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയണമെന്നാണ് കങ്കണ പറഞ്ഞത്.

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇരുപതോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെല്ലാം തൃണമൂല്‍ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ബംഗാളിലെ ഹിന്ദുക്കളയെല്ലാം തൃണമൂലും തൃണമൂലിലെ മുസ്‌ലിം പ്രവര്‍ത്തകരും ആക്രമിക്കുകയാണെന്ന രീതിയിലാണ് ബി.ജെ.പി നേതാക്കളെല്ലാം പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി പുറത്തുവിടുന്ന പല ചിത്രങ്ങളും വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു.

എന്നാല്‍ ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മോദി രംഗത്തുവരണമെന്നായിരുന്നു കങ്കണ പറഞ്ഞത്. ഗോധ്ര കലാപത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കങ്കണയുടെ വാക്കുകള്‍. ഇത്തരം പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയെ ട്വിറ്റര്‍ വിലക്കിയത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കങ്കണ രോഗത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ വിവാദമായിരുന്നു. കൊവിഡ് വളരെ സാധാരണമായ ചെറിയ പനിയാണെന്നും ഇതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യവും പ്രചാരണവും നടത്തി ജനങ്ങളെ പേടിപ്പിക്കുകയാണന്നുമാണ് കങ്കണ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kangana comes with hate speech and asking Hindus to go to riot in Bengal

We use cookies to give you the best possible experience. Learn more