ആലിയ ഭട്ടിന്റെ പുതിയ ചിത്രം പുറത്തു വരാനിരിക്കെ താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കങ്കണ റണാവത്ത്. ആലിയ ഭട്ടിന് അഭിനയിക്കാനറിയില്ലെന്നും, സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലെന്നും കങ്കണ പറയുന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ ‘ഗംഗുബായ് കത്തിയവാടി’യാണ് ആലിയ ഭട്ടിന്റെതായി പുറത്തു വരാനിരിക്കുന്ന ചിത്രം.
സിനിമയിലെ കാസ്റ്റിംഗ് വളരെ മോശമാണെന്നും അഭിനയിക്കാനറിയാത്ത ആലിയ ഭട്ടിനെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ കങ്കണ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമെന്നും പറയുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ ആലിയ ഭട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ഈ വെള്ളിയാഴ്ച ബോക്‌സ് ഓഫീസില്‍ 200 കോടി ചാരമാവാന്‍ പോവുകയാണ്. സിനിമാ മാഫിയാ തലവന്റെ സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത പ്രിയപുത്രിക്ക് (അവളിപ്പോഴും ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൊണ്ടുനടക്കാനിഷ്ടപ്പെടുന്നവളാണ്) അഭിനയിക്കാനറിയുമെന്ന് ആളുകള്‍ക്ക് മുന്നില്‍ തെളിയിക്കണം,’ കങ്കണ പറയുന്നു.
സിനിമയിലസെ കാസ്റ്റിംഗ് പരിപൂര്‍ണ പരാജയമാണെന്നും, ആലിയ ഭട്ടിനെ പോലെയുള്ളവര്‍ കാരണമാണ് ഹിന്ദി ഫിംലിം ഇന്‍ഡസ്ട്രി സൗത്ത് ഇന്ത്യന്‍, ഹോളിവുഡ് സിനിമകളുടെ പിന്നാലെ പോകുന്നതെന്നും കങ്കണ കുറ്റപ്പെടുത്തി.
മറ്റൊരു പോസ്റ്റില്‍ കരണ്‍ ജോഹറിനെ ബോളിവുഡ് മാഫിയ ഡാഡി എന്നു വിശേഷിപ്പിച്ച കങ്കണ, കരണ്‍ ജോഹര്‍ കാരണമാണ് ഹിന്ദി സിനിമായുടെ വര്‍ക്ക് കള്‍ച്ചര്‍ നഷ്ടപ്പെടുന്നതെന്നും വിമര്‍ശിച്ചു.
‘ബോളിവുഡ് മാഫിയ ഡാഡി ഒറ്റയ്ക്ക് ഹിന്ദി സിനിമാ മേഖലയെ നശിപ്പിച്ചു. പല സംവിധായകരെയും ഇയാള്‍ ഇമോഷണലായി മാനിപ്പുലേറ്റ് ചെയ്യുകയാണെന്നും, അവരുടെ സിനിമാറ്റിക് ബ്രില്യന്‍സിനുമേല്‍ തന്റെ രണ്ടാം തരം അഭിനയം അടിച്ചേല്‍പിക്കുകതയുമാണ്. ഇതിനുള്ള പുതിയ ഉദാഹരണം ഉടന്‍ തന്നെ പുറത്തു വരും,’ കങ്കണ പോസ്റ്റില്‍ കുറിച്ചു.
ഇയാളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആളുകള്‍ നിര്‍ത്തണമെന്നും കങ്കണ പറയുന്നു.
1960 കളില്‍ മുംബൈയിലെ കാമാത്തി പുരയില്‍ മാഫിയാംഗമായിരുന്ന ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥപറയുന്ന ചിത്രമാണ് ഗംഗുബായ് കത്തിയവാടി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തെത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. നിരവധി വേശ്യലായങ്ങളുടെ ഉടമയായിരുന്ന ഇവര്‍ ലൈംഗികത്തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ ചതിയില്‍ അകപ്പെട്ട് കാമാത്തിപുരയിലെത്തുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും നല്‍കിയിരുന്നു.
കാമാത്തിപുരയിലെ ലൈംഗിത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനു വേണ്ടി അഹോരാത്രം ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ലൈംഗികത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഇവര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇവര്‍ക്ക് അക്കാലങ്ങളില്‍ മുംബൈയിലെ അധോലോകവുമായി ബന്ധമുണ്ടായിരുന്നു. മുംബൈയിലെ ലഹരിമാഫിയയുടെ കണ്ണിയായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഗംഗുബായ്
ഗംഗുബായുടെ ജീവിതത്തെ പറ്റി വലിയ തരത്തിലുള്ള വിവരങ്ങള്‍ എഴുതപ്പെട്ടിട്ടില്ല. മുംബൈയിലെ അധോലോകത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെ പറ്റി മാധ്യമപ്രവര്‍ത്തകന്‍ എസ്. ഹുസൈന്‍ സെയ്ദി എഴുതിയ ‘മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തില്‍ ഇവരെ പറ്റി പരാമര്‍ശിച്ചിരുന്നു. ഈ പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം നിര്‍മിക്കുന്നതും.