സീസണിലെ ആദ്യ ഐ.പി.എല്‍ മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണ് ഏകദിന ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വലം കയ്യന്‍ ബാറ്ററിന് കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നും താരതത്തിന് ശസ്ത്ര ക്രിയ വേണ്ടി വരുമെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ചെന്നൈക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വില്യംസണിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഋതുരാജ് ഗെയ്ക്വാദ് അടിച്ച പന്ത് ബൗണ്ടറി ലൈനില്‍ വില്യംസണ്‍ തടയാന്‍ ശ്രമിക്കവെ താരം കാലിടിച്ച് വീഴുകയായിരുന്നു. തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫ് എത്തി താരത്തെ താങ്ങിപ്പിടിച്ച് കൊണ്ടുപോവുകയായിരുന്നു.
വിഷയത്തില്‍ താരം പ്രതികരിച്ചിരുന്നു. ഇത്തരമൊരു പരിക്ക് നിരാശാജനകമാണെന്നും എന്നാലിപ്പോള്‍ ശ്രദ്ധ സര്‍ജറി ചെയ്യുന്നതിലും കായികക്ഷമത വീണ്ടെടുക്കുന്നതിലുമാണെന്നും വില്യംസണ്‍ പറഞ്ഞു. വിശ്രമം കഴിഞ്ഞ് എത്രയും വേഗം മൈതാനത്ത് തിരിച്ചെത്താന്‍ തനിക്ക് കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്നും താരം വ്യക്തമാക്കി. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏകദിന ലോകകപ്പ് 2023 എഡിഷന്‍ ഈ വര്‍ഷം ഒക്ടോബറിലും നവംബറിലും ഇന്ത്യയിലാണ് നടക്കുന്നത്. 2019 എഡിഷനില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ താരം കൂടിയാണ് വില്യംസണ്‍.
വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം സമീപകാലത്ത് ഒട്ടേറെ വിജയങ്ങള്‍ നേടിയെടുത്തിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിന് പുറമെ ടി-20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും എത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. ഇന്ത്യയെ തോല്‍പ്പിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്മാരാകാന്‍ സാധിച്ചതാണ് ന്യൂസിലന്‍ഡിന്റെ വലിയ നേട്ടങ്ങളിലൊന്ന്.
Content Highlights: Kane Williamson will miss out ODI World Cup