ആദ്യം കുടുംബം, പിന്നെ മതി ക്രിക്കറ്റ്; ഓസീസിനെതിരെ കിവീസിനെ നയിക്കാൻ വില്ലിച്ചായനില്ല
Sports News
ആദ്യം കുടുംബം, പിന്നെ മതി ക്രിക്കറ്റ്; ഓസീസിനെതിരെ കിവീസിനെ നയിക്കാൻ വില്ലിച്ചായനില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 11:55 am

ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരക്ക് ഫെബ്രുവരി 21നാണ് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിക്കില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

വില്യംസണ്‍ തന്റെ മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന്റെ ഭാഗമായാണ് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ചുമതലകളേക്കാള്‍ കുടുംബത്തിന് മുന്‍ഗണന നല്‍കുന്നതിനുള്ള വില്ല്യംസണ്‍ന്റെ ഈ തീരുമാനം ഏറെ ശ്രദ്ധേയമായി.

നിലവില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് വില്ല്യംസണ്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ 281 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും കിവീസ് നായകന്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 289 പന്തില്‍ 118 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 132 പന്തില്‍ 109 റണ്‍സും നേടി മികച്ച പ്രകടനമാണ് കെയ്ന്‍ നടത്തിയത്. ന്യൂസിലന്‍ഡിനായി ടെസ്റ്റില്‍ വില്യംസണ്‍ നേടുന്ന 31 സെഞ്ച്വറിയായിരുന്നു ഇത്.

നീണ്ട കാലത്തെ പരിക്കില്‍ നിന്നും മുക്തനായി വന്ന മത്സരത്തില്‍ കെയ്ന്‍ മിന്നും ഫോം നടത്തിയത് ഏറെ ശ്രദ്ധേയമായി. 2023 ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കുന്നതിനിടെയാണ് വില്യംസണ് കാല്‍മുട്ടിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ദീര്‍ഘകാലം കെയ്ന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

അതേസമയം സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ് വില്ല്യംസണും കൂട്ടരും. ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. സെഡണ്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: Kane Williamson will miss against the T20 series against Australia due to the arrival of his third child.