ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ ഇന്നിങ്സ് അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയ 115.1 ഓവറില്‍ 383 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് 179 റണ്‍സിനും പുറത്തായി. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സിലാണ്.
നിലവില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂജ്യത്തിനും മാര്‍നസ് ലബുഷാന്‍ രണ്ട് റണ്‍സിനും പുറത്തായിരിക്കുകയാണ്. ക്രീസില്‍ അഞ്ച് റണ്‍സുമായി ഉസ്മാന്‍ ഖവാജയും ആറ് റണ്‍സുമായി നാഥന്‍ ലിയോണുമാണ്.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷക്ക് വിപരിതമായിട്ടായിരുന്നു കിവീസിന്റെ ബാറ്റിങ് തുടങ്ങിയത്. ഓപ്പണര്‍മാരായ ടോ ലാഥം അഞ്ച് റണ്‍സിനും വില്‍ യങ് ഒമ്പത് റണ്‍സിനും പുറത്താവുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡിന്റെ ക്ലാസ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ രണ്ടു പന്ത് കളിച്ച പൂജ്യം റണ്‍സിനാണ് പുറത്തായത്. ഒരു സിംഗിള്‍ എടുക്കാനുള്ള ശ്രമത്തില്‍ മാര്‍നസ് ലബുഷാന്റെ കൈകൊണ്ട് റണ്‍ഔട്ട് ആവുകയായിരുന്നു വില്യംസണ്‍.
2012ന് ശേഷം ആദ്യമായാണ് വില്യംസണ്‍ ടെസ്റ്റില്‍ റണ്‍ഔട്ട് ആകുന്നത്. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ കിവീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് വില്യംസണ്‍ കാഴ്ചവെച്ചത്. ഇതോടെ ഈയിടെ പുറത്ത് വിട്ട മികച്ച ബാറ്ററുടെ ടെസ്റ്റ് റാങ്കില്‍ ഒന്നാമതും വില്യംസണായിരുന്നു.
ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നാഥന്‍ ലിയോണ്‍ ആണ്. എട്ട് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 43 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം നേടിയത്. കിവീസിന്റെ അടിവേര് ഇളക്കിയത് താരത്തിന്റെ തകര്‍പ്പന്‍ സ്പിന്‍ ബൗളിങ് ആണ്.
മിച്ചല്‍ സ്റ്റാര്‍ക്ക് നാല് മെയ്ഡന്‍ അടക്കം 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ജോഷ് ഹേസല്‍വുഡ് 55 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് രണ്ടു മെയ്ഡന്‍ അടക്കം 33 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ മാഷും ഒരു വിക്കറ്റ് സംഭാവന നല്‍കി.
Content Highlight: Kane Williamson was run out for the first time in 12 years