വിരാടിനെ തകര്‍ത്തെറിഞ്ഞ് വില്യംസണ്‍; അടിച്ചുകയറിയത് ഇടിവെട്ട് റെക്കോഡില്‍
Sports News
വിരാടിനെ തകര്‍ത്തെറിഞ്ഞ് വില്യംസണ്‍; അടിച്ചുകയറിയത് ഇടിവെട്ട് റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 4:21 pm

ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തൂത്തുവാരി ശ്രീലങ്ക. ആവേശം നിറഞ്ഞ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ലങ്കന്‍ സിംഹങ്ങള്‍ 602/5 എന്ന പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ കിവീസ് വെറും 88 റണ്‍സിന് പുറത്താവുകയായിരുന്നു.

തുടര്‍ന്ന് ഫോളോ ഓണില്‍ 360 റണ്‍സിന് ഓള്‍ ഔട്ട് ആയ കിവീസ് ഇന്നിങ്‌സിനും 154 റണ്‍സിനുമാണ് ഗല്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരാജയപ്പെട്ടത്.

കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് (78), മിച്ചല്‍ സാന്റ്‌നര്‍ (67), ഡെവോണ്‍ കോണ്‍വേ (61), ടോം ബ്ലണ്ടല്‍ (60) എന്നിവരാണ് സ്‌കോര്‍ ഉയര്‍ത്തിയത്. കിവീസിന്റെ സ്റ്റാര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ 58 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 46 റണ്‍സാണ് നേടിയത്.

എന്നിരുന്നാലും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ റെക്കോഡ് മറികടക്കാന്‍ വില്യംസണിന് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ടെസ്റ്റില്‍ വിരാട് നേടിയ ടെസ്റ്റ് റണ്‍സ് മറികടക്കാനാണ് കിവീസിന്റെ മുന്‍ നായകന് സാധിച്ചത്.

കെയ്ന്‍ വില്യംസണ്‍ – 8881

വിരാട് കോഹ്‌ലി – 8871

ഇതുവരെ ഇന്റര്‍നാഷണല്‍ ടെസ്റ്റിലെ 102 മത്സരത്തിലെ 180 ഇന്നിങ്‌സില്‍ നിന്നുമാണ് കെയ്ന്‍ 8881 റണ്‍സ് നേടിയത്. 51.43 സ്‌ട്രൈക്ക് റേറ്റില്‍ 251 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 32 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.

എന്നാല്‍ വിരാടിന് ഫോര്‍മാറ്റിലെ 114 മത്സരത്തിലെ 193 ഇന്നിങ്‌സില്‍ നിന്ന് 8871 റണ്‍സാണ് ഉള്ളത്. അതില്‍ 55.56 സ്‌ട്രൈക്ക് റേറ്റില്‍ 254 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 29 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും വിരാട് നേടിയിട്ടുണ്ട്.

 

Content Highlight: Kane Williamson Surpass Virat Kohli In Test Cricket