ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്ററും മികച്ച ക്യാപ്റ്റനുമായ കെയ്ന്‍ വില്യംസണ്‍ ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ബോര്‍ഡിന്റെ 2024-25 സീസണിലേക്കുള്ള കേന്ദ്ര കരാര്‍ താരം നിരസിക്കുകയും ചെയ്തിരിക്കുകയാണ്.
താരത്തിന്റെ തീരുമാനം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിക്കുകയായിരുന്നു. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ട് 2024 ടി-20 ലോകകപ്പില്‍ ടീമിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചതോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വില്യംസണ്‍ തന്റെ കരിയര്‍ അവസാനമായിട്ടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
2024 ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ ലീഗ് യോഗ്യത നേടാന്‍ കഴിയാതെ പുറത്താക്കുകയായിരുന്നു ന്യൂസിലാന്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും തോല്‍വി വഴങ്ങിയതോടെ ബ്ലാക്ക് ക്യാപ്‌സ് വലിയ സമ്മര്‍ദത്തിലാവുകയായിരുന്നു.
ആദ്യമായാണ് ഒരു സീസണില്‍ ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചെങ്കിലും മറ്റു ഫോര്‍മാറ്റുകളില്‍ കിവീസിന്റെ കൂടെ വില്യംസണ്‍ ഉണ്ടാകും എന്നും പറഞ്ഞിട്ടുണ്ട്.
2021 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ ചാമ്പ്യന്മാര്‍ ആക്കാനും 2019ലെ ഏകദിന ലോകകപ്പില്‍ ടീമിനെ ഫൈനലില്‍ എത്തിക്കാനും കെയ്ന്‍ വില്ല്യംസണിന് സാധിച്ചിരുന്നു. മാത്രമല്ല 2023 ഏകദിന ലോകകപ്പില്‍ ടീമിനെ സെമിഫൈനലില്‍ എത്തിക്കാനും 2021 ടി ട്വന്റി വേള്‍ഡ് കപ്പ് ഫൈനലില്‍ ടീമിനെ നയിക്കാനും താരത്തിന് സാധിച്ചിരുന്നു. കൂടാതെ 2016, 2022 ലോകകപ്പില്‍ ടീമിനെ കെയ്ന്‍ സെമി ഫൈനലില്‍ എത്തിച്ചിരുന്നു. കിവീസിന്റെ ചരിത്രത്തിലെ മികച്ച ക്യാപ്റ്റനാണ് താരം.
ഏകദിന ക്രിക്കറ്റില്‍ 165 മത്സരങ്ങളില്‍ 157 ഇന്നിങ്‌സ് താരം കളിച്ചിട്ടുണ്ട്. അതില്‍ നിന്നും 681 റണ്‍സും 148 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വില്യംസണ്‍ സ്വന്തമാക്കിയിട്ടുണ്ട്. 2016 മാര്‍ച്ചിലാണ് വില്ല്യംസണ്‍ ബ്ലാക്ക് ക്യാപ്‌സിന്റെ ക്യാപ്റ്റനായി എത്തിയത്.
Content Highlight: Kane Williamson Step Down From New Zealand White Ball Captaincy