| Friday, 13th October 2023, 10:27 pm

റെക്കോഡ് അലേര്‍ട്ട് 🚨🚨; വില്ലിച്ചായന്റെ ചിരി മാത്രമല്ല, ഈ ലോകകപ്പ് പലതും കാണും

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് മൂന്നാമത് വിജയവും ആഘോഷിച്ചിരിക്കുകയാണ്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ന്യൂസിലാന്‍ഡിനായി.

നേരത്തെ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ലിട്ടണ്‍ ദാസിനെ പുറത്താക്കിക്കൊണ്ട് ട്രെന്റ് ബോള്‍ട്ട് കിവിസിനെ ഡ്രൈവിങ് സീറ്റിലിരുത്തി. മത്സരത്തില്‍ തുടര്‍ന്നങ്ങോട്ടും കിവീസ് ആ അഡ്വാന്റേജ് മുതലാക്കി.

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമും ഒന്നിച്ച് കളത്തിലുണ്ടായിരുന്നപ്പോള്‍ മാത്രമാണ് ബംഗ്ലാദേശിന് അല്‍പമെങ്കിലും അപ്പര്‍ഹാന്‍ഡ് നേടാന്‍ സാധിച്ചത്. എന്നാല്‍ 96 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് ലോക്കി ഫെര്‍ഗൂസന്‍ ന്യൂസിലാന്‍ഡിന് മേല്‍ക്കൈ നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 245 റണ്‍സിന് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് വണ്ടര്‍ ബോയ് രചിന്‍ രവീന്ദ്രയെ തുടക്കത്തിലേ നഷ്ടമായിരുന്നു. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഒമ്പത് റണ്‍സ് നേടിയ രചിന്‍ രവീന്ദ്ര പുറത്താകുന്നത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കളത്തിലിറങ്ങിയത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ വില്യംസണ്‍ ആരാധകരെ ഒട്ടും നിരാശരാക്കിയില്ല. രണ്ടാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വേക്കൊപ്പവും മൂന്നാം വിക്കറ്റില്‍ ഡാരില്‍ മിച്ചലിനൊപ്പവും തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വില്യംസണ്‍ തകര്‍ത്താടിയത്.

ഒമ്പത് മാസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും പുറത്ത് നില്‍ക്കേണ്ടി വന്ന വില്യംസണ്‍ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 107 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 78 റണ്‍സ് നേടി നില്‍ക്കവെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്ത് പോവുകയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ ക്യാപ്റ്റന്‍ ന്യൂസിലാന്‍ഡിനെ വിജയതീരത്തേക്കടുപ്പിച്ചിരുന്നു.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡും വില്യംസണെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന താരം (93), ഐ.സി.സി വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന താരം എന്നിങ്ങനെ രണ്ട് റെക്കോഡാണ് കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയത്.

അതേസമയം, വില്യംസണ്‍ പുറത്തായെങ്കിലും ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് ഡാരില്‍ മിച്ചല്‍ ന്യൂസിലാന്‍ഡിന് മൂന്നാം വിജയവും നേടിക്കൊടുത്തു. ഡാരില്‍ മിച്ചല്‍ 67 പന്തില്‍ നിന്നും പുറത്താകാതെ 89 റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ 16 റണ്‍സായിരുന്നു ഫിലിപ്‌സിന്റെ സമ്പാദ്യം.

ഒക്ടോബര്‍ 18നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സസരത്തില്‍ അഫ്ഗാനിസ്ഥാനാണ് ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍.

Content Highlight: Kane Williamson set 2 records against Bangladesh

We use cookies to give you the best possible experience. Learn more