ഏറെ ആവേശത്തോടെ കാത്തിരുന്ന ആദ്യ സെമി ഫൈനലിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമണ് ബാക്കിയുള്ളത്. വാംഖഡെയില്‍ നടക്കുന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനലില്‍ മത്സരത്തിന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയാണ്.
നിര്‍ണായക മത്സരത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പറയുന്നത് ഇന്ത്യയോട് ഏറ്റുമുട്ടുന്നത് വലിയ വെല്ലുവിളിയാണെന്നാണ്. എന്നാല്‍ കിവീസിന്റെ യുവതാരം രചിന്‍ രവീന്ദ്ര മികച്ച ഫോമില്‍ തുടരുന്നത് ആശ്വാസമാണെന്നു വില്ല്യംസണ്‍ പറഞ്ഞു.
‘രചിന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അദ്ദേഹം നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ട്. സ്‌റ്റേഡിയത്തില്‍ കാണികള്‍ കൂടുതലും ഇന്ത്യക്ക് പിന്തുണയുള്ളവരാണ്. ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ മത്സരിക്കുന്നത് വലിയ അവസരമായി കാണുന്നു എന്നാല്‍ അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. പക്ഷെ ഞങ്ങള്‍ കളിയില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കും,’ വില്ല്യംസണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിന്റെ ഇടം കയ്യന്‍ ബാറ്റര്‍ രചിന്‍ 2023 ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് നേടിയത്. ഇതോടെ നിലവിലെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറുകയാണ് രചിന്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 70.62 ശരാശരിയില്‍ 565 റണ്‍സാണ് താരം നേടിയത്. രണ്ട് അര്‍ധസെഞ്ച്വറികളും താരം നേടിയിരുന്നു. നിലവില്‍ കിവീസിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് രചിന്‍. 99 ശരാശരിയില്‍ 594 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍. 591 റണ്‍സെടുത്ത് ക്വിന്റണ്‍ ഡി കോക്ക് ആണ് രണ്ടാമന്‍.
2019 ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയും ന്യൂസിലാന്‍ഡുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്ക് കിവീസിനോട് 18 റണ്‍സിന്റ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു. 2019 കണക്കുകള്‍ തീര്‍ത്ത് ഇന്ത്യ ആദ്യ സെമിയില്‍ വിജയിച്ച് ഫൈനലില്‍ എത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2003 ലോകകപ്പിന് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനോട് ലോകകപ്പില്‍ വിജയിച്ചിട്ടില്ല എന്ന പേരും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തിരുത്തിക്കുറിച്ചിരുന്നു. നിലവില്‍ നേരിട്ട എല്ലാ ടീമിനേയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തില്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ നോക്ക് ഔട്ട് മത്സരത്തില്‍ എന്തും സംഭവിക്കാം.
Content Highlight: Kane Williamson says the semi-final match with India will be a big challenge