| Thursday, 18th April 2024, 5:18 pm

ബട്‌ലറുമല്ല നരെയ്‌നുമല്ല, ആ ഇന്ത്യന്‍ താരമാകും ടി-20യില്‍ ഇരട്ട സെഞ്ച്വറി നേടുക; ഗെയ്‌ലിന് പോലും സാധിക്കാത്ത നേട്ടത്തെ കുറിച്ച് വില്യംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പിറക്കുന്ന പടുകൂറ്റന്‍ സ്‌കോറുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒരു കാലത്ത് ടി-20യില്‍ ഒരിക്കലും പിറക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ട 250 റണ്‍സ് എന്ന പടുകൂറ്റന്‍ ടോട്ടല്‍ ഇപ്പോള്‍ ടീമുകള്‍ അനായാസമായി അടിച്ചുകൂട്ടുന്ന കാഴ്ചയാണ് കാണുന്നത്.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ തന്നെ മൂന്ന് തവണയാണ് ടീമുകള്‍ 250 മാര്‍ക് പിന്നിട്ടത്. അതില്‍ രണ്ട് തവണയും ഈ നേട്ടം കൈവരിച്ചതാകട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഈ നേട്ടത്തിലെത്തിയ അടുത്ത ടീം.

ഇപ്പോള്‍ ടി-20യില്‍ ഏതെങ്കിലും താരം ഇരട്ട സെഞ്ച്വറി നേടുമോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. ഒരു ടീമിന് ആകെ ലഭിക്കുന്ന 120 പന്തില്‍ നിന്നും ഒരു താരം 200 റണ്‍സ് പൂര്‍ത്തിയാക്കുക എന്നത് തീര്‍ത്തും ബാലി കേറാമലയായാണ് വിശേപ്പിക്കപ്പെടുന്നത്.

എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് നേടിയെടുക്കുന്നത് ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ന്യൂസിലാന്‍ഡ് വൈറ്റ് ബോള്‍ നായകനും ഗുജറാത്ത് ടൈറ്റന്‍സ് സൂപ്പര്‍ താരവുമായ കെയ്ന്‍ വില്യംസണ്‍.

ജിയോ സിനിമാസില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വില്യംസണ്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരിക്കും ഈ നേട്ടത്തിലെത്തുക എന്നാണ് വില്യംസണ്‍ പറഞ്ഞത്.

‘രോഹിത് ശര്‍മയാകും ടി-20യില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ബാറ്റര്‍. ഇരട്ട സെഞ്ച്വറി നേടുന്നതിനെ കുറിച്ച് രോഹിത് ശര്‍മക്ക് നല്ല ധാരണയുണ്ട്. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ താരമാണ് അദ്ദേഹം’ വില്യംസണ്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഇപ്പോള്‍ ടി-20യിലെ ഏറ്റവും ഉയര്‍ന്ന ടി-20 വ്യക്തിഗത സ്‌കോറിന്റെ റെക്കോഡുള്ളത്. ഈ നേട്ടം പിറവിയെടുത്തത് ഐ.പി.എല്ലില്‍ നിന്നുമാണ്.

ഐ.പി.എല്ലിന്റെ 2013 എഡിഷനിലാണ് ഈ നേട്ടം പിറവിയെടുത്തത്. പൂനെ വാറിയേഴ്‌സ് ഇന്ത്യ – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിലാണ് ആര്‍.സി.ബിക്കായി ചിന്നസ്വാമിയില്‍ ഗെയ്ല്‍സ്‌റ്റോം ആഞ്ഞടിച്ചത്.

66 പന്തില്‍ 17 സിക്‌സറും 13 ബൗണ്ടറിയുമടക്കം പുറത്താകാതെ 175 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 265.15 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കരീബിയന്‍ കരുത്തന്‍ സ്‌കോര്‍ ചെയ്തത്.

ഈ റെക്കോഡ് നേട്ടത്തില്‍ രണ്ടാമന്‍ മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ്. 2018ലെ ഓസ്‌ട്രേലിയയുടെ സിംബാബ്‌വന്‍ പര്യടനത്തില്‍ ഹരാരെയില്‍ നടന്ന മത്സരത്തില്‍ 76 പന്തില്‍ 172 റണ്‍സാണ് താരം നേടിയത്. പത്ത് സിക്‌സറും 16 ബൗണ്ടറിയുമടക്കം 226.31 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

2024ല്‍ നടന്ന അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് രോഹിത് ശര്‍മയുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോര്‍ പിറന്നത്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 69 പന്ത് നേരിട്ട് പുറത്താകാതെ 121 റണ്‍സാണ് രോഹിത് നേടിയത്. 11 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടി-20യില്‍ എട്ട് സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതിലെ അവസാന സെഞ്ച്വറി പിറന്നത് ഈ ഐ.പി.എല്‍ സീസണിലാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി നേട്ടം.

Content highlight: Kane Williamson says Rohit Sharma is the batter who can score 200 in T20

We use cookies to give you the best possible experience. Learn more