ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഒരു രാജ്യം അതിജീവിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുതല്‍ അവരെ ചേര്‍ത്ത് പിടിച്ച ഉദ്യോഗസ്ഥര്‍, വ്യത്യസ്ത മതക്കാര്‍ അങ്ങനെ അവരെ ദുഖത്തില്‍ പങ്കുചേര്‍ന്നും ആശ്വസിപ്പിച്ചും അവരെ കൈപിടിച്ചു ഉയര്‍ത്തുകയാണ്.
ഇപ്പോഴിതാ നിസ്‌കാര നിര കൊണ്ട് ന്യൂസിലന്‍ഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണവര്‍. നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ലാഗില്‍ (വെള്ളി പുല്‍ച്ചെടി) ചിത്രീകരിച്ചിരികൊണ്ടാണ് ന്യൂസിലാന്റ് ഇരകളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്.
ന്യൂസിലന്‍ഡില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ത്ഥിന് വേണ്ടിയാണ് ഈ പോസ്റ്റര്‍ വരച്ചത്. സ്റ്റാന്റിംഗ് ഇന്‍ സോളിഡാരിറ്റി എന്നെഴുതിയ പോസ്റ്ററില്‍ തീവ്രവാദി തോക്കുമായി പള്ളിക്കുള്ളിലേക്ക് കടന്നുകയറിയപ്പോള്‍ നിര്‍ഭയനായി “ഹലോ ബ്രദര്‍” എന്നു പറഞ്ഞ വിശ്വാസിയായ വൃദ്ധനോടുള്ള ആദര സൂചകമായി ആ വാക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിംഗപ്പൂരുകാരനായ ഡിസൈനര്‍ കെയ്ത്ത് ലീയാണ് ഈ പോസ്റ്ററിന് പിന്നില്‍.
നിരവധി പ്രമുഖരാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവെക്കുന്നത്. ഏറ്റവും ഒടുവിലായി കിവീസ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസണാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രം വംശവെറിക്ക് എതിരാണെന്ന് കൃത്യമായ സന്ദേശമാണ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ മുതല്‍ കെയിന്‍ വില്ല്യംസണ്‍ വരെ ലോകത്തിന് നല്‍കുന്നത്.
പ്രധാനമന്ത്രിയുടെ നടപടിക്ക് നിറഞ്ഞ കയ്യടിയാണ് ലോകം നല്‍കിയത്. കൊലപാതകത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനുമാണ് വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രന്‍ഡന്‍ ടറാന്റനെ അറസ്റ്റ് ചെയ്തതെന്ന് ബന്ധുക്കളെ കണ്ടതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.